Latest News

വയനാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കും; പഞ്ചായത്തു തോറും കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നടപടി

വയനാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കും; പഞ്ചായത്തു തോറും കൊവിഡ് ചികില്‍സാ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ നടപടി
X

കല്‍പറ്റ: വയനാട് ജില്ലയില്‍ നിലവിലുള്ള കൊവിഡ് ആശുപത്രിക്ക് പുറമെ, രോഗബാധിതരെ ചികില്‍സിക്കുന്നതിനുള്ള താല്‍ക്കാലിക ആശുപത്രി സംവിധാനങ്ങളായ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (എഫ്.എല്‍.ടി.സി) പഞ്ചായത്തുകള്‍ തോറും ആരംഭിക്കുന്നതിന് സംവിധാനങ്ങള്‍ കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍ പ്രകാരം ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ഈ സാഹചര്യത്തില്‍ രോഗബാധിതരെ ചികില്‍സിക്കുന്നതിന് എഫ്.എല്‍.ടി.സികള്‍ അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കിടക്കകള്‍, മറ്റ് മെഡിക്കല്‍ വസ്തുക്കള്‍ എന്നിവ ഇവിടങ്ങളില്‍ ലഭ്യമാവണം. ഇതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കേണ്ടതിനായി ചുമതലകള്‍ വിഭജിച്ച് നല്‍കി. മാനന്തവാടി താലൂക്കിന്റെ ചുമതല ഡെ. കലക്ടര്‍ (എല്‍.എ)ആയ ഇ മുഹമ്മദ് യൂസഫിനാണ്. വൈത്തിരി താലുക്ക് ഡെ. കളക്ടര്‍(ഡി.എം) ആയ അജീഷ് കെ ചുമതല വഹിക്കും.

എഫ്.എല്‍.ടി.സികളിലേക്ക് മെഡിക്കല്‍ വസ്തുക്കള്‍ വാങ്ങുന്നതില്‍ ബന്ധപ്പെട്ട ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിലവില്‍ കല്ലൂര്‍ ഫസിലിറ്റേഷന്‍ സെന്ററില്‍ സേവനമനുഷ്ടിച്ച് വരുന്ന ഡോ. ദാഹര്‍ മുഹമ്മദ്, ഡോ. മുഹമ്മദ് അസ്ലം എന്നിവരുടെ സേവനം ഇതിനായി ലഭ്യമാക്കും.

വയനാട് ജില്ലയില്‍ ഏകദേശം 20% ത്തോളം പട്ടികവര്‍ഗ വിഭാഗമാണുള്ളത്. കൊവിഡ് 19 രോഗവ്യാപനം ജില്ലയില്‍ അധികരിച്ചാല്‍ ഇവരെ പ്രത്യേകമായി സംരക്ഷിക്കേണ്ടി വരും. ഇവര്‍ ഭൂരിപക്ഷവും കോളനികളിലാണ് ജീവിച്ചുവരുന്നത് എന്നത് വേഗത്തില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകും.

നിലവില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധയോടുകൂടി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും കാര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തുവരുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ്രൈടബല്‍, പോലിസ് വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിനും കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിനും ഡോ. നിതയെ നിയമിച്ചു. ഡോ. നിതയ്ക്ക് ആവശ്യമായ സഹകരണം ട്രൈബല്‍ വകുപ്പ് നല്‍കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ താലുക്ക് തലത്തില്‍ പ്രത്യേക ടീമിനെ സജ്ജീകരിക്കേണ്ടതും കോളനികളിലെ ബോധവല്‍ക്കരണം, സന്ദര്‍ശനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടത്തുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

Next Story

RELATED STORIES

Share it