Top

മാള തച്ചുപറമ്പ് വട്ടക്കുളം പദ്ധതി എങ്ങുമെത്തിയില്ല

മാള തച്ചുപറമ്പ് വട്ടക്കുളം പദ്ധതി എങ്ങുമെത്തിയില്ല
X

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചോളം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് കൈത്താങ്ങായി തച്ചുപറമ്പ് വട്ടക്കുളം പദ്ധതിക്കായി തയ്യാറാക്കിയ പദ്ധതി എങ്ങുമെത്തിയില്ല. പദ്ധതിയുടെ ഭാഗമായി കരിക്കാട്ടുച്ചാല്‍ നവീകരണം 2017 ജനുവരിയില്‍ ആരംഭിച്ചിരുന്നു. മഴയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ട് പിന്നീട് നീക്കമൊന്നുമുണ്ടായില്ല.

പ്രദേശത്തെ ഏറ്റവും വലിയ ജലശ്രോതസ്സായ കരിക്കാട്ടുച്ചാലില്‍ 365 ദിവസവും സുലഭമായി വെള്ളം ഉണ്ടാകുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ കെ വി വൈ പദ്ധതിപ്രകാരം 3.42 കോടി രൂപയും അനുവദിച്ചിട്ടുണ്ടായിരുന്നു. കേരള ലാന്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ എല്‍ ഡി സി) ക്കാണ് പദ്ധതി നടത്തിപ്പിന് ചുമതല നല്‍കിയിരുന്നത്. പദ്ധതിയുടെ ഭാഗമായി തച്ചുപറമ്പില്‍ നിന്ന് വട്ടക്കുളം ലിഫ്റ്റ് ഇറിഗേഷന്‍ വരെയുള്ള ഭാഗം ഏകദേശം 100 മീറ്ററോളം വീതിയില്‍ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ ആഴംകൂട്ടുകയും ഇരുവശങ്ങളിലും ബണ്ട് നിര്‍മ്മിക്കുകയും ബണ്ടിന് മുകളില്‍ ചെമ്മണ്ണിട്ട് സഞ്ചാരയോഗ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിയുന്നത്. കൂടാതെ രണ്ട് കള്‍വെര്‍ട്ടുകളും സ്ഥാപിക്കാനുണ്ടായിരുന്നു.

ചാലക്കുടി പുഴയില്‍ നിന്ന് കരിക്കാട്ടുച്ചാലില്‍ എത്തുന്ന വെള്ളം വട്ടകുളം ലിഫ്റ്റ് ഇറിഗേഷന്‍ വഴിയാണ് പമ്പിംഗ് നടത്തുന്നത്. പദ്ധതി പൂര്‍ത്തീകരണത്തോടെ പ്രധാന ലിഫ്റ്റ് ഇറിഗേഷനായ വട്ടക്കുളം ലിഫ്റ്റ് ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷനുകളായ തട്ടാംതോട്, തലയാക്കുളം എന്നീ ലിഫ്റ്റ് ഇറിഗേഷനുകളും ആവശ്യാനുസരണം പ്രവര്‍ത്തിക്കാനുള്ള വെള്ളം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. തട്ടാംതോട്, തലയാക്കുളം എന്നിവിടങ്ങളിലേക്കുള്ള ലീഡിംഗ് ചാലനുകളും പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്ന് പറഞ്ഞിരുന്നു. കാലാകാലങ്ങളായി വേനലില്‍ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് ഇവിടങ്ങള്‍. ജലക്ഷാമം രൂക്ഷമാകുന്നതോടെ ലിഫ്റ്റിംഗ് നിര്‍ത്തേണ്ട സാഹചര്യവും വരാറുണ്ട്. പദ്ധതി പൂര്‍ത്തികരിച്ചാല്‍ കുഴൂര്‍ മേഖലയിലെ മിച്ചമുള്ള തരിശിടങ്ങളും കൃഷിയോഗ്യമാകുമെന്നും പ്രദേശത്തെ ജലക്ഷാമത്തിന് അറുതിയാകുമെന്നും പ്രതീക്ഷയുണ്ടായിരുന്നു.

പദ്ധതി പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാകുന്നതോടെ നിലവില്‍ തരിശ്ശായി കിടക്കുന്ന നൂറുകണക്കിന് ഹെക്റ്റര്‍ പാടശേഖരങ്ങളില്‍ കൃഷി പുനഃരാരംഭിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. കൂടാതെ വേനലുകളെത്തുമ്പോള്‍ വറ്റുന്ന കിണറുകളില്‍ വെള്ളം സമൃദ്ധമാകുമെന്ന പ്രതീക്ഷയും ജനങ്ങളിലുണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം വേനല്‍ കനത്തുവരവേ തന്നെ കിണറുകളിലെ ജലവിധാനം താഴുകയാണ്. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കടുത്ത ജലക്ഷാമമാണ് അനുഭപ്പെടുന്നത്. കുടിവെള്ളത്തിനായി കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ജലനിധി ജനങ്ങളുടെ തലവേദനയായി മാറിയിരിക്കയുമാണ്. മുന്‍കാലങ്ങളില്‍ കൃഷിയുടെ പേരില്‍ അറിയപ്പെട്ടിരുന്ന കുഴൂരെന്ന ഗ്രാമത്തെ വീണ്ടും ആ വഴിക്കെത്തിക്കാനാകും പദ്ധതി എന്നതും ജനങ്ങളുടെ പ്രതീക്ഷയിലുണ്ടായിരുന്നെങ്കിലും ഒന്നുംതന്നെ ഇതുവരെ നടന്നിട്ടില്ല.

Next Story

RELATED STORIES

Share it