Latest News

ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ട് ലോക്കൊ പൈലറ്റ്

ട്രെയിൻ പാതിവഴിയിൽ നിർത്തിയിട്ട് ലോക്കൊ പൈലറ്റ്
X

പട്‌ന: ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി ലോക്കോ പൈലറ്റ് ട്രെയിൻ പാതിവഴിയിൽ നിർത്തിയതിനെ തുടർന്ന് ബിഹാറിൽ യാത്രക്കാർ മണിക്കൂറുകളോളം വലയേണ്ടി വന്നു. ബിഹാറിലെ ബറൂണി–ലക്‌നൗ എക്‌സ്പ്രസ് ട്രെയിനാണ് മൂന്നു മണിക്കൂറോളം വഴിയിൽ കുടുങ്ങിയത്. തന്റെ ഒൻപത് മണിക്കൂർ ഷിഫ്റ്റ് അവസാനിച്ചതിനാൽ ഇനി ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന് ലോക്കോ പൈലറ്റ് അറിയിക്കുകയായിരുന്നു. ബിഹാറിലെ ഒരു ചെറിയ സ്‌റ്റേഷനിലാണ് ട്രെയിൻ നിർത്തിയിട്ടത്.

നിശ്ചിത സമയം കഴിഞ്ഞിട്ടും ട്രെയിൻ മുന്നോട്ട് നീങ്ങാത്തതിനെ തുടർന്ന് യാത്രക്കാർ സ്‌റ്റേഷൻ മാസ്റ്ററെ സമീപിച്ചപ്പോഴാണ് പൈലറ്റ് ട്രെയിൻ ഓടിക്കാൻ തയ്യാറാകാത്ത വിവരം അറിയുന്നത്. റെയിൽവേ നിയമപ്രകാരം ലോക്കോ പൈലറ്റുമാരുടെ ജോലി സമയം നിശ്ചിത മണിക്കൂറുകളിൽ പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ അതിനു മീതെ ജോലി ചെയ്യാൻ കഴിയില്ലെന്നായിരുന്നു പൈലറ്റിന്റെ നിലപാട്. സംഭവത്തെ തുടർന്ന് യാത്രക്കാർ മണിക്കൂറുകളോളം സ്‌റ്റേഷനിൽ കാത്തിരിക്കേണ്ടിവന്നു. പിന്നീട് റെയിൽവേ അധികൃതർ മറ്റൊരു ലോക്കോ പൈലറ്റിനെ എത്തിച്ചതിനുശേഷമാണ് ട്രെയിൻ യാത്ര പുനരാരംഭിച്ചത്.സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് താൻ ഈ തീരുമാനം എടുത്തതെന്ന് ലോക്കോ പൈലറ്റ് വിശദീകരിച്ചു. എന്നാൽ തിരക്കേറിയ റൂട്ടിൽ ഇത്തരത്തിൽ ട്രെയിൻ നിർത്തിയിട്ടത് യാത്രക്കാരിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കി.

സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ബിഹാറിൽ സമാനമായ സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുൻപ് ചായ കുടിക്കാനായി ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു.

Next Story

RELATED STORIES

Share it