Latest News

പ്ലസ് വണ്‍ പ്രവേശനം പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്രശ്‌ന പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

പ്ലസ് വണ്‍ പ്രവേശനം പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്രശ്‌ന പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി
X

ആലപ്പുഴ: പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതോടെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുന്നപ്ര ജെ.ബി. സ്‌കൂളില്‍ പുതിയതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സീറ്റുകളുടെ കുറവ് സംബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തിവരികയാണ്. കൃത്യമായ കണക്ക് ഈ മാസം 22 ഓടെ ലഭ്യമാകും. അതിന്റെ അടിസ്ഥാനത്തില്‍ പുതിയ ബാച്ചുകള്‍ നിര്‍ന്ധമായും അനുവദിക്കപ്പെടേണ്ട സ്‌കൂളുകളില്‍ അനുവദിക്കും.

കൊവിഡ് പ്രതിസന്ധി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിജയം കണ്ടു. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ബഹുദൂരം മുന്നേറാന്‍ സംസ്ഥാനത്തിന് സാധിച്ചു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക് മികവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനാണ് ലക്ഷ്യമിടുന്നത് മന്ത്രി പറഞ്ഞു.

മുന്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്റെ 201920 ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് രണ്ടുനിലകളുള്ള സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആറ് ക്ലാസ് മുറികളാണ് ഇതിലുള്ളത്.

എച്ച്. സലാം എം.എല്‍.എ അധ്യക്ഷനായിരുന്നു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി.ഐ. നസീം റിപോര്‍ട്ട് അവതരിപ്പിച്ചു. എ.എം. ആരിഫ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധര്‍മ ഭുവനചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ. മധുസൂദനന്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഹമ്മദ് കബീര്‍, എസ്.എം.സി ചെയര്‍മാന്‍ ടി. പ്രശാന്ത് കുമാര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it