Latest News

സംസ്ഥാനത്തിനല്ല, വ്യക്തിക്കേ മൗലികാവകാശമുള്ളു; ബിഎസ്പി നേതാവ് അന്‍സാരിയെ ജയില്‍മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ യുപി-പഞ്ചാബ് പോര്

സംസ്ഥാനത്തിനല്ല, വ്യക്തിക്കേ മൗലികാവകാശമുള്ളു; ബിഎസ്പി നേതാവ് അന്‍സാരിയെ ജയില്‍മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ യുപി-പഞ്ചാബ് പോര്
X

ന്യൂഡല്‍ഹി: ബിഎസ്പിയുടെ യുപി നിയമസഭാ അംഗവും മുന്‍കാല ഗുണ്ടാനേതാവുമായ മുഖ്താര്‍ അന്‍സാരിയെ പഞ്ചാബ് ജയിലില്‍ നിന്ന് യുപി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ യുപി, പഞ്ചാബ് ഏറ്റുമുട്ടല്‍. നിരവധി പണം പിടുങ്ങല്‍ കേസുകളിലും കൊലക്കേസിലും പ്രതിയായ മുഖ്താന്‍ അന്‍സാരിയെ സംസ്ഥാനത്തേക്ക് അയയ്ക്കണമെന്നാണ് യുപിയുടെ ആവശ്യം.

യുപിയുടെ ഹരജി തള്ളണമെന്നാണ് പഞ്ചാബിന്റെ വാദമെങ്കില്‍ തനിക്കെതിരേ യുപി സര്‍ക്കാര്‍ രാഷ്ട്രീയപകപോക്കല്‍ നടത്തുമെന്നും അതുകൊണ്ട് മറ്റേതെങ്കിലും സംസ്ഥാനങ്ങളിലേക്ക് കേസ് മാറ്റണമെന്നുമാണ് അന്‍സാരിയുടെ ആവശ്യം.

പ്രതിപക്ഷത്തുള്ള ഒരു പാര്‍ട്ടിയുമായുള്ള തന്റെ രാഷ്ട്രീയ ബന്ധം കാരണം യുപി സര്‍ക്കാര്‍ തന്നെ ലക്ഷ്യമിടുമെന്ന് ബിഎസ്പി എംഎല്‍എ കൂടിയായ അന്‍സാരി, ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി എന്നിവര്‍ അംഗങ്ങളായ ബെഞ്ചിനെ ബോധിപ്പിച്ചു.

തനിക്കൊപ്പം കേസില്‍ പ്രതിയായ ഒരാളെ യുപി പോലിസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും അന്‍സാരി കോടതിയെ അറിയിച്ചു.

ഉത്തര്‍പ്രദേശ് പഞ്ചാബിനെതിരെ ആയുധവുമായി നല്‍ക്കുകയാണ്. പഞ്ചാബിനെതിരേ തോക്ക് എടുക്കാന്‍ കോടതിയുടെ തോള് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുരെയുള്ള എല്ലാ കേസിലും താന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായിട്ടുണ്ടെന്നും എന്നാല്‍ തന്റെ അസാന്നിധ്യംമൂലം കോടതി നടപടികള്‍ തടസ്സപ്പെടുന്നുവെന്ന വാദം തെറ്റാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തിന് മൗലികാവകാശങ്ങളില്ലെങ്കിലും കുറ്റവാളികള്‍ ജയില്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ഇരകളുടെ മൗലികാവകാശങ്ങള്‍ അതുപോലെത്തന്നെ പ്രധാനമാണെന്നും യുപിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. മാത്രമല്ല, അന്‍സാരി ജയില്‍ മാന്യുവല്‍ ലംഘിക്കുന്നത് കാഴ്ചക്കാരായി നോക്കി നില്‍ക്കാനാവില്ലെന്നും അദ്ദേഹം വാദിച്ചു. അനുച്ഛേദം 142 അനുസരിച്ച് അന്‍സാരിയെ യുപി ജയിലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നാണ് ഉത്തര്‍പ്രദേശ് വാദിക്കുന്നത്. കാരണം യുപിയിലെ കേസുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണ്.

പഞ്ചാബിനു വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ യുപി സര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്തു. സംസ്ഥാനത്തിന് മൗലികാവകാശങ്ങളില്ലെന്നും വ്യക്തിക്കുമാത്രമേ അതുള്ളുവെന്നും അദ്ദേഹം കോടതിയെ ഓര്‍മിപ്പിച്ചു. മാത്രമല്ല, യുപിയിലെ കേസുകള്‍ അന്വേഷണം പൂര്‍ത്തിയായി അന്തിമ ഘട്ടത്തിലാണ്. അത് തുടങ്ങിയിട്ടു തന്നെ പതിനഞ്ച് കൊല്ലമായി. എന്നാല്‍ പഞ്ചാബിലെ കേസില്‍ അന്വേഷണം നടക്കുന്നതേയുള്ളൂ. ജയിലില്‍ ഇരുന്ന് ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടുവെന്നാണ് പഞ്ചാബില്‍ അന്‍സാരിക്കെതിരേയുള്ള കേസ്.

വ്യക്തികള്‍ക്ക് ഭരണഘടനയുടെ അനുച്ഛേദം 32 അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ സംസ്ഥാനത്തിന് ആവശ്യപ്പെടാനാവില്ലെന്നും ദാവെ വാദിച്ചു. യുപിയുടെ അപേക്ഷ അനുവദിക്കുകയാണെങ്കില്‍ അതൊരു വലിയ നിയമപ്രശ്‌നമായി മാറാന്‍ ഇടയുണ്ട്. ഇത് വിവിധ സംസ്ഥാനങ്ങള്‍ കോടതികളില്‍ ഏറ്റുമുട്ടാനുള്ള സാധ്യത തുറക്കും.

Next Story

RELATED STORIES

Share it