Latest News

'ഗവര്‍ണറുടെ ഓഫിസിന് താന്‍ അപമാനമാണെന്ന് കേരള ഗവര്‍ണര്‍ തെളിയിച്ചു': അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്

ഗവര്‍ണറുടെ ഓഫിസിന് താന്‍ അപമാനമാണെന്ന് കേരള ഗവര്‍ണര്‍ തെളിയിച്ചു: അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്
X

ന്യൂഡല്‍ഹി: മഹനീയമായ ഗവര്‍ണറുടെ ഓഫിസിന് താന്‍ അപമാനമാണെന്ന് കേരള ഗവര്‍ണര്‍ തെളിയിച്ചതായി എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ്. ഗവര്‍ണര്‍ ഒരു ഭരണഘടനാ പദവിയാണ്, അല്ലാതെ ഭരണകക്ഷിയുടെ ഏജന്റിന്റെ പദവിയല്ല. ഇന്ത്യയുടെ രാഷ്ട്രപതിയെപ്പോലെ, പരമ്പരാഗതമായി ഗവര്‍ണറും രാജ്യത്തെ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറില്ല. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ പാരമ്പര്യവും കീഴ് വഴക്കവും ലംഘിച്ച് മുസ് ലിംകള്‍ക്കെതിരായ സംഘപരിവാറിന്റെ ഏറ്റവും പുതിയ വിദ്വേഷ ഉപകരണമായ ഹിജാബ് വിഷയത്തില്‍ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയാണ്.

രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെയും ജനാധിപത്യ സംവിധാനത്തെയും തകര്‍ക്കും. സംഘപരിവാര്‍ ഭരണത്തില്‍ ഇന്ത്യയിലെ മറ്റ് ഭരണഘടനാ സ്ഥാപനങ്ങള്‍ കാവിവല്‍ക്കരിക്കപ്പെട്ടതുപോലെ ഗവര്‍ണര്‍ സ്ഥാനവും കളങ്കപ്പെടുത്തിയിരിക്കുകയാണ്.

ഹിജാബിനെക്കുറിച്ചുള്ള ഗവര്‍ണറുടെ പ്രസ്താവന തന്റെ ആര്‍എസ്എസ് കൂറ് തെളിയിക്കാനും തന്റെ യജമാനന്മാരുടെ പ്രീതി നേടാനുമാണ്. ഒരു പൗരനെന്ന നിലയില്‍, ഏത് വിഷയത്തിലും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും താന്‍ ആഗ്രഹിക്കുന്ന ആരെയും സന്തോഷിപ്പിക്കുന്നതിനും അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയവും മതപരവും ജാതിപരവും ഭാഷാപരവും ലിംഗപരവുമായ നിഷ്പക്ഷത ആവശ്യപ്പെടുന്ന ഒരു ഭരണഘടനാ പദവിയാണ് താന്‍ വഹിക്കുന്നതെന്നും ഭരണഘടനയോടായിരിക്കണം തന്റെ വിധേയത്വവും പ്രതിബദ്ധതയും എന്നതും അദ്ദേഹം വിസ്മരിക്കുന്നു. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തന്റെ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഗവര്‍ണറുടെ മഹത്തായ ഓഫിസ് ആര്‍എസ്എസ് ഏജന്റായി ദുരുപയോഗം ചെയ്ത് അതിന്റെ അന്തസ്സ് കെടുത്തുന്നതിനേക്കാള്‍ നല്ലതെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it