Latest News

വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കും

ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും

വനമേഖലയില്‍ അതിക്രമിച്ചു കടന്നതിന് ബാബുവിനെതിരേ വനം വകുപ്പ് കേസെടുക്കും
X

പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും.വനമേഖലയില്‍ അതിക്രമിച്ചു കടന്നതിനാണ് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുക്കുക. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക.ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്.കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫിസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും.

ബാബുവും സുഹൃത്തുക്കളും തിങ്കളാഴ്ച രാവിലെയാണ് മലകയറിയത്. കുത്തനെയുള്ള മല കയറാന്‍ കഴിയാത്തതിനാല്‍ സുഹൃത്തുക്കള്‍ പാതിയില്‍ തിരിച്ചിറങ്ങി.ബാബു മുകളിലേക്ക് കയറുകയും ചെയ്തു. ഉച്ചയോടെ തിരിച്ചിറങ്ങവേയാണ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണത്.ഫോണ്‍ ചെയ്ത് പറഞ്ഞതനുസരിച്ച് സുഹൃത്തുക്കള്‍ എത്തി വള്ളിയും മരക്കൊമ്പും ഇട്ടുകൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവര്‍ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

ആശങ്കകള്‍ക്കൊടുവില്‍ ഇന്നലെ രാവിലെയാണ് ബാബുവിനെ സൈന്യം രക്ഷപ്പെടുത്തിയത്. നാല്‍പത്തിയാറ് മണിക്കൂറാണ് യുവാവ് മലയിടുക്കില്‍ കുടുങ്ങിക്കിടന്നത്.പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. രണ്ട് ദിവസത്തോളം വെള്ളവും ഭക്ഷണവും കിട്ടാത്തതിനാല്‍ ബാബു ക്ഷീണിതനായിരുന്നു. രാവിലെ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമായിരിക്കും ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുക.

Next Story

RELATED STORIES

Share it