Latest News

ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയുടെ മണ്ണില്‍ ഇന്ന് കൊടിയിറക്കം

ചരിത്രത്തിലാദ്യമായി നഗരത്തിലെത്തിയ മേളയെ തലശ്ശേരിക്കാര്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ആറ് തീയേറ്ററുകളിലായി വ്യത്യസ്ത ഭാഷകളില്‍ നിന്ന് 80 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി.

ചലച്ചിത്ര മേളയ്ക്ക് തലശ്ശേരിയുടെ മണ്ണില്‍ ഇന്ന് കൊടിയിറക്കം
X

കണ്ണൂര്‍: അഞ്ചു ദിവസങ്ങളിലായി തലശ്ശേരിയില്‍ നടന്നുവന്നിരുന്ന ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം പതിപ്പിന് ഇന്ന് കൊടിയിറക്കം. ചരിത്രത്തിലാദ്യമായി നഗരത്തിലെത്തിയ മേളയെ തലശ്ശേരിക്കാര്‍ ആവേശത്തോടെയാണ് നെഞ്ചേറ്റിയത്. ആറ് തീയേറ്ററുകളിലായി വ്യത്യസ്ത ഭാഷകളില്‍ നിന്ന് 80 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തി.

ലോക സിനിമ, മലയാള സിനിമ ഇന്ന്, മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, ഹോമേജ്, കാലിഡോസ്‌കോപ്പ് തുടങ്ങിയ വിഭാഗങ്ങളായാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്. മലബാറില്‍ നിന്ന് 1500ലേറെ സിനിമാപ്രേമികളാണ് മേളയില്‍ പങ്കാളികളയാത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു മേളയുടെ നടത്തിപ്പ്. ഇന്ന് നടക്കുന്ന 22 പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നതോടെ ആകെ 112 പ്രദര്‍ശനങ്ങള്‍ക്ക് മേള വേദിയാകും.

ചുരുളി, ഹാസ്യം, മ്യൂസിക്കല്‍ ചെയര്‍, അറ്റെന്‍ഷന്‍ പ്ലീസ് എന്നീ മലയാള ചിത്രങ്ങള്‍ മികച്ച പ്രതികരണങ്ങള്‍ നേടി. ഉദ്ഘാടന ചിത്രമായ 'ക്വോ വാഡിസ്, ഐഡ?' യില്‍ നിന്നും തുടങ്ങി 'കപ്പേള 'യിലാണ് മേള അവസാനിച്ചത്. ദി മാന്‍ ഹു സോള്‍ഡ് ഹിസ് സ്‌കിന്‍, വൈഫ് ഓഫ് എ സ്‌പൈ, നെവര്‍ ഗോന്നാ സ്‌നോ എഗൈന്‍, ദി വെയ്‌സ്‌റ് ലാന്‍ഡ്, കൊസ തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി. കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി, 1956 മധ്യ തിരുവിതാംകൂര്‍ എന്നിവയും പ്രേക്ഷക പ്രീതിനേടിയ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

സംവിധായകരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിയ ഓപ്പണ്‍ ഫോറങ്ങളും മീറ്റ് ദി ഡയറക്ടര്‍ ചര്‍ച്ചകളും മേളയിലെ പ്രധാന ആകര്‍ഷണങ്ങളായിരുന്നു. ചലച്ചിത്ര മേളയുടെ അവസാന പതിപ്പ് മാര്‍ച്ച 1 ന് പാലക്കാട്ട് കൊടിയേറും. സിനിമയോട് കമ്പമുള്ള സാധാരണക്കാരായ ജനങ്ങള്‍ക്കും ബുദ്ധിമുട്ടില്ലാതെ മേളയില്‍ പങ്കാളികളാവാന്‍ കഴിഞ്ഞുവെന്നതാണ് തലശ്ശേരി മേളയെ വ്യത്യസ്തമാക്കുന്നത്. ലിബര്‍ട്ടി തിയ്യറ്റര്‍ കോപ്ലക്‌സില്‍ മേള ആരംഭിച്ചത് മുതല്‍ നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും വര്‍ഷങ്ങളിലും രാജ്യാന്തര ചലച്ചിത്ര മേളയുടെ ഒരു സ്ഥിരം വേദിയായി മാറും എന്ന പ്രതീക്ഷയിലാണ് തലശ്ശേരി.

Next Story

RELATED STORIES

Share it