Latest News

അസംഗറിലെ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജം? ഉത്തര്‍പ്രദേശ് പോലിസ് സംശയത്തിന്റെ നിഴലില്‍

അസംഗറിലെ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജം? ഉത്തര്‍പ്രദേശ് പോലിസ് സംശയത്തിന്റെ നിഴലില്‍
X

ലഖ്‌നോ: കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗര്‍ ജില്ലാ പോലിസ് സംശയത്തിന്റെ നിഴലില്‍. ഏതാനും പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്ത അസംഗര്‍ ഏറ്റുമുട്ടല്‍ കൊലകള്‍ വ്യാജമായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിലെ മിക്ക ഇരകളും ദലിതരോ പിന്നാക്കക്കാരോ ചിലര്‍ മുസ്‌ലിംകളോ ആണെന്നതാണ് സംശയം വര്‍ധിപ്പിക്കുന്നത്. അസംഗര്‍ ഏറ്റുമുട്ടല്‍ മാത്രമല്ല, യുപിയിലെ മറ്റുപല ഏറ്റുമുട്ടലുകളും സംശയത്തിലാണ്. ഇത്തരം സംശയങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുന്നവരിലൊരാളാണ് അസംഗറിലെ അജയ് യാദവ്. സ്വന്തം അനുഭവം തന്നെയാണ് അജയ്‌യെ സംശയിക്കാന്‍ പ്രേരിപ്പിച്ചത്.

2018 മെയിലാണ് അദ്ദേഹത്തെ പോലിസ് പിടികൂടിയത്. അദ്ദേഹത്തിന്റെ പിതാവിന്റെ കണ്‍മുന്നില്‍ നിന്നായിരുന്നു അറസ്റ്റ്. പോലിസ് സ്‌റ്റേഷനിലേക്ക് കയ്യും കണ്ണും കെട്ടിയാണ് എത്തിച്ചത്. അവിടെ നിന്ന് ഒരു സുമോ കാറില്‍ കയറ്റി വിജനമായ പ്രദേശത്തെത്തിച്ചു. പുറത്തിറക്കി കെട്ട് അഴിച്ച് മിനിറ്റുകള്‍ക്കകം വെടിയുതിര്‍ത്തു. കാല്‍ മുട്ടിലായിരുന്നു വെയിയേറ്റത്.

കാലിലെ വെടിയുണ്ട അജയ് യാദവിന്റെ ജീവിതം തകര്‍ത്തു. ജോലിയില്ലാതായി, ഉളള ജോലിയ്ക്കു തന്നെ പോകാനാവുന്നില്ല, വേദന വര്‍ധിച്ചു. ആവശ്യത്തിന് ചികില്‍സ ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഇപ്പോള്‍ ശരിയായി നടക്കാന്‍ കഴിയുന്നില്ല. ഇപ്പോഴും അജയ്‌യെ ചെറിയ ചെറിയ കുറ്റങ്ങളുടെ പേരില്‍ പോലിസ് വിളിച്ചുവരുത്തും. എന്തിനാണെന്ന് ഇന്നും പിടിയില്ല. അജയുടെ കുടുംബം ഭീതിയിലാണ് കഴിഞ്ഞുകൂടുന്നത്. ഇത്തരം ഒരാള്‍ മാത്രമാണ് അജയ്. ഇതുപോലെ നിരവധി പേരുണ്ട് യുപിയില്‍.

അസംഗര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ 9 പേര്‍ ഏറ്റുമുട്ടല്‍ കൊലയില്‍ മരിച്ചു. നിരവധി പേര്‍ മരിച്ചില്ലെങ്കിലും കാലുകളില്‍ ഗുരുതരമായി വെടിയേറ്റു. മിക്കാവളും പേര്‍ ജീവച്ഛവം പോലെ ജീവിക്കുന്നു.

കാലുകളില്‍ വെയിയുതിര്‍ക്കുന്നതില്‍ തന്നെ ഒരു പ്രത്യേക രീതിയുണ്ടെന്നാണ് റിഹൈ മഞ്ച് എന്ന സംഘടനയുടെ നേതാവ് രാജിവ് യാദവ് പറയുന്നത്. പലരുടെയും കാലുകളില്‍ മുട്ടിനു താഴെയാണ് വെടിയേറ്റിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജിവ് ഇതിനെ പാതി ഏറ്റുമുട്ടല്‍ എന്നാണ് പറയുന്നത്. ഇരയ്്ക്ക് പരിക്കേല്‍ക്കുക മാത്രം ചെയ്യുകയും മരിക്കാതിരിക്കുകയും ചെയ്യുന്നതിനെയാണ് പാതി ഏറ്റുമുട്ടല്‍ എന്ന് വിശേഷിപ്പിക്കുന്നത്.

ജനുവരി 2014 മുതല്‍ ഒക്ടോബര്‍ 2018 വരെ യുപി പോലിസ് 31 പേര്‍ക്കെതിരേ വെടിയുതിര്‍ത്തു. ഇതില്‍ 22 പേര്‍ക്കെതിരേയും കാലിനു താഴെയാണ് വെടിയേറ്റത്.

യോഗി സര്‍ക്കാര്‍ വന്നശേഷം നിരവധി ഏറ്റുമുട്ടല്‍ കൊലകാളാണ് നടക്കുന്നത്. ഇത്തരം കൊലപാതകള്‍ക്ക് ഒരു പ്രത്യേക രീതിയുണ്ട്. വെടിയുതിര്‍ക്കുന്നതിനു മുമ്പ് കാലുകളില്‍ കട്ടിയുള്ള തുണി നനച്ചുചുറ്റും. വെടിയേറ്റാലും അതിന്റെ തെളിവുകള്‍ ലഭിക്കുകയില്ലെന്നതാണ് ഇതിന്റെ മെച്ചം. ചുരുക്കത്തില്‍ ഇത്തരം കൊലകള്‍ സര്‍ക്കാര്‍ സംവിധാനം ആലോചിച്ചുറപ്പിച്ചാണ് ചെയ്യുന്നതെന്നത് പ്രശ്‌നം ഗുരുതരമാക്കുന്നു. അജയിന്റെ കേസില്‍ കോടതിയെ സമീപിച്ച് വിധി നേടിയെടുത്തെങ്കിലും അത് നടപ്പായില്ല. ചീഫ് സെക്രട്ടറിയോട് നടപടിയെടുക്കാനാണ് പറഞ്ഞതെങ്കിലും ഒന്നും സംഭവിച്ചില്ല.

എല്ലാ വ്യാജ ഏറ്റുമുട്ടല്‍ കൊലകളിലും ഇരകള്‍ ദലിതരും പിന്നാക്കക്കാരും മുസ്ലിംകളുമാണെന്ന കാര്യം ഇതേ കുറിച്ച് അന്വേഷിച്ചവര്‍ കണ്ടെത്തിയിട്ടുണ്ട്. യുപി വ്യാജഏറ്റുമുട്ടല്‍ തലസ്ഥാനമാവുകയാണ്.

Next Story

RELATED STORIES

Share it