Latest News

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു
X

ഹൗറ: ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഹൗറയില്‍ നിന്ന് ഗുവാഹാട്ടിയിലേക്കുള്ള ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ മാള്‍ഡ ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ഈ സ്ലീപ്പര്‍ ട്രെയിന്‍ ഹൗറ-ഗുവാഹാട്ടി റൂട്ടിലെ യാത്രാ സമയം ഏകദേശം 2.5 മണിക്കൂര്‍ കുറയ്ക്കും.

മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ട്രെയിനില്‍ ആകെ 16 കോച്ചുകളാണുള്ളത്. ഇതില്‍ 11 എസി ത്രീ-ടയര്‍ കോച്ചുകളും, നാല് എസി ടു-ടയര്‍ കോച്ചുകളും, ഒരു ഒന്നാം ക്ലാസ് എസി കോച്ചും ഉള്‍പ്പെടുന്നു. ആകെ 823 യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്ന ഈ ട്രെയിനില്‍ സുരക്ഷയ്ക്കായി 'കവച്' എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

എസി ത്രീ-ടയര്‍ ടിക്കറ്റുകള്‍ക്ക് 960 രൂപ മുതലാണ് നിരക്ക്. എസി ടു-ടയറിന് ഏകദേശം 1,240 രൂപയും, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 1,520 രൂപയും ഈടാക്കുന്നു. ഏകദേശം 1,000 കിലോമീറ്റര്‍ യാത്രകള്‍ക്ക് ടിക്കറ്റ് നിരക്ക് 2,400 രൂപ മുതല്‍ 3,800 രൂപ വരെയാണ്. വിമാനത്തിലേതിന് സമാനമായ യാത്രാനുഭവം കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അത്യാധുനിക സ്ലീപ്പര്‍ ട്രെയിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളും അതോടൊപ്പം പ്രാദേശിക വിഭവങ്ങളും ട്രെയിനില്‍ ലഭ്യമാക്കും. ഗുവാഹാട്ടിയില്‍ നിന്നുള്ള യാത്രയില്‍ ആസാമി വിഭവങ്ങളും കൊല്‍ക്കത്തയില്‍ നിന്നുള്ള യാത്രയില്‍ ബംഗാളി വിഭവങ്ങളും വിളമ്പും. മികച്ച കുഷ്യനുകളോട് കൂടിയ ബെര്‍ത്തുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍, ശബ്ദം കുറഞ്ഞ യാത്ര എന്നിവ ഇതിന്റെ മറ്റ് പ്രത്യേകതകളാണ്. രാത്രി ഭക്ഷണവും രാവിലെ ചായയും ഉള്‍പ്പെടുന്ന രീതിയില്‍ രാത്രികാല സര്‍വീസാണ് ക്രമീകരിച്ചിരിക്കുന്നത്. വന്ദേ ഭാരത് സ്ലീപ്പറില്‍ വിഐപി പരിഗണനകളോ എമര്‍ജന്‍സി ക്വാട്ടയോ ഉണ്ടായിരിക്കില്ല. ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് പോലും പാസ് ഉപയോഗിച്ച് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. കണ്‍ഫേം ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.

Next Story

RELATED STORIES

Share it