Latest News

കൊവിഡിനെ നേരിടുന്നതില്‍ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി

കൊവിഡിനെ നേരിടുന്നതില്‍ വിജയം കണ്ടത് പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: ആഗോളതലത്തില്‍ കൊവിഡ് മഹാമാരിയെ നേരിടാന്‍ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളം പ്രാദേശിക സര്‍ക്കാരുകളെ മുന്‍നിര്‍ത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോകം ചര്‍ച്ച ചെയ്തു. പ്രാദേശിക സമ്പദ്ക്രമം ആഗോളതലത്തില്‍ ചര്‍ച്ചയായി മാറി. കൊവിഡിന്റെ ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാര്‍ഗങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനുമുള്ള ഇടപെടലുകള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നിലുള്ള വലിയ ദൗത്യമാണ്. കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല ബാധിച്ചത്. ദുരന്തങ്ങള്‍ വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ കാഠിന്യം കുറയ്ക്കാന്‍ പ്രാദേശികമായ ഇടപെടലുകളിലൂടെ സാധിക്കും.

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയ ആരംഭിച്ചപ്പോള്‍ മുന്നോട്ടുവെച്ച പ്രാദേശിക വികസനമെന്ന ലക്ഷ്യത്തില്‍ നിന്നും കൂടുതല്‍ വിപുലമായി ചിന്തിക്കാനും ആസൂത്രണം നടത്താനും സാധിക്കുന്ന വിധത്തില്‍ നമ്മുടെ പ്രാദേശിക സര്‍ക്കാരുകള്‍ വളര്‍ന്നിട്ടുണ്ട്. ആ ശാക്തീകരണത്തിന്റെ ഭാഗമായാണ് മഹാപ്രളയത്തെയും പ്രകൃതിക്ഷോഭങ്ങളെയും കൊവിഡ് മഹാമാരിയെയും പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് സാധിച്ചത്. കൊവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകള്‍ നല്‍കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കായത് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളര്‍ത്തിയെടുത്ത ജനകീയ പിന്‍ബലവും, അവരില്‍ ജനങ്ങള്‍ക്കുള്ള ഉയര്‍ന്ന വിശ്വാസവും മൂലമാണ്.

Next Story

RELATED STORIES

Share it