Latest News

ബ്രേക്ക് പോയി; പോലിസ് ജീപ്പിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി: പോലിസുകാര്‍ക്കും പ്രതികള്‍ക്കും പരിക്ക്

ബ്രേക്ക് പോയി; പോലിസ് ജീപ്പിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി: പോലിസുകാര്‍ക്കും പ്രതികള്‍ക്കും പരിക്ക്
X

പത്തനംതിട്ട: അടൂരില്‍ കെഎസ്ആര്‍ടിസി ബസ് പോലിസ് ജീപ്പിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്. പ്രതികളുമായി ജയിലിലേക്കു പോയ പോലിസ് ജീപ്പിനു പിറകില്‍ നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് പോലിസുകാര്‍ക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികള്‍ക്കുമാണ് പരിക്കേറ്റത്. കോയിപ്രം സ്റ്റേഷനിലെ പോലിസ് സംഘം പ്രതികളുമായി കൊട്ടാരക്കര സബ് ജയിലിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

കോയിപ്രം പോലിസ് സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ് രാജന്‍, സിപിഒമാരായ കെ ഐ മുഹമ്മദ് റഷാദ്, എസ് സുജിത്ത് എന്നിവര്‍ക്കും പോലിസ് ജീപ്പിലുണ്ടായിരുന്ന അടിപിടി കേസിലെ പ്രതികളായ വെണ്ണിക്കുളം സ്വദേശികളായ ജോണ്‍(49), സിജു എബ്രഹാം(39) എന്നിവര്‍ക്കും ബസില്‍ യാത്രചെയ്ത കായംകുളം സ്വദേശിയായ ഷീജ(52)യ്ക്കുമാണ് പരിക്കേറ്റത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐയെ വിദഗ്ധ ചികില്‍സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇന്ന് രാത്രി എട്ടിന് അടൂര്‍ സെന്‍ട്രല്‍ ടോളിനു സമീപം അര്‍ബന്‍ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. പുനലൂരില്‍നിന്ന് കായംകുളത്തിന് പോയ ഓര്‍ഡിനറി ബസാണ് അപകടമുണ്ടാക്കിയത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ബസ് ഡ്രൈവര്‍ രാജേന്ദ്രന്‍ പറയുന്നത്. കായംകുളം ഡിപ്പോയിലെ ബസായിരുന്നു. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുണ്ടായിരുന്ന പോലിസ് ജീപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നാലെ അപകടത്തില്‍പ്പെട്ട ജീപ്പ് മുന്നിലെ മറ്റൊരുബസിലും ഇടിച്ചു. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് അടൂരില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി.

Next Story

RELATED STORIES

Share it