Latest News

ബീഹാറില്‍ വ്യാജ ആശുപത്രികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ-മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍

ബീഹാറില്‍ വ്യാജ ആശുപത്രികളുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന വിവരാവകാശ-മാധ്യമ പ്രവര്‍ത്തകന്റെ മൃതദേഹം റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍
X

പട്‌ന: ബീഹാറിലെ മധുബാനിയില്‍ വിവരാവകാശ, മാധ്യമ പ്രവര്‍ത്തകന്റെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം റോഡരികില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുകൊണ്ടുവന്ന ബുദ്ധിനാഥ് ഝായെ(22) നാല് ദിവസം മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരുന്നു.

മധുബാനിയില്‍ പ്രാദേശിക പോര്‍ട്ടലിലെ മാധ്യമ പ്രവര്‍ത്തകനാണ് അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ. ഫേസ് ബുക്ക് പോര്‍ട്ടലില്‍ വ്യാജ നഴ്‌സിങ് ഹോമുകളെക്കുറിച്ചുള്ള വാര്‍ത്ത അപ് ലോഡ് ചെയ്ത് രണ്ട് ദിവസത്തിനുശേഷമാണ് അദ്ദേഹത്തെ കാണാതായത്. അദ്ദേഹം പുറത്തുവിട്ട വാര്‍ത്തകള്‍ നിരവധി വ്യാജ നഴ്‌സിങ് ഹോമുകള്‍ പൂട്ടാന്‍ കാരണമായി. പല സ്ഥാപനങ്ങളും കനത്ത പിഴ ഒടുക്കേണ്ടിയും വന്നു.

ലക്ഷക്കണക്കിനു രൂപയുടെ കൈക്കൂലി നല്‍കാമെന്ന വാഗ്ധാനവും വധ ഭീഷണിയും കുറേ കാലമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. നഴ്‌സിങ് ഹോമുകളെ പിന്തുടരുന്നത് നിര്‍ത്തണമെന്നായിരുന്നു ഭീഷണിപ്പെടുത്തിയവരുടെ ആവശ്യം.

ചൊവ്വാഴ്ച വൈകീട്ടാണ് അവസാനം അദ്ദേഹത്തെ കണ്ടത്. അതിന്റെ ദൃശ്യങ്ങള്‍ വീടിനടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് 400 മീറ്റര്‍ അകലെയാണ് അദ്ദേഹത്തിന്റെ വീട്.

രാത്രി ഒമ്പത് മണിയോടെ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. രാത്രി 9.58ന് ഒരു മഞ്ഞ സ്‌കാര്‍ഫ് ധരിച്ച് പുറത്തുപോയി. രാത്രി 10.5നും 10.10നും ഇടയില്‍ പ്രാദേശിക മാര്‍ക്കറ്റില്‍ ഒരാള്‍ക്കൊപ്പം സംസാരിച്ചുനിന്നിരുന്നു. പിന്നീട് സൂചനകളൊന്നുമില്ല. രാവിലെയാണ് കുടുംബം അദ്ദേഹത്തെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

അദ്ദേഹത്തിന്റെ മോട്ടോര്‍സൈക്കിള്‍ വീട്ടില്‍ തന്നെയുണ്ട്. ലാപ്‌ടോപ്പ് തുറന്നുവച്ച നിലയിലാണ്. ചൊവ്വാഴ്ച രാത്രിയോ ബുധനാഴ്ച പുലര്‍ച്ചെയോ ആണ് അദ്ദേഹം പുറത്തുപോയത്. അദ്ദേഹത്തെ കാണാതായതോടെ കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു.

അന്വേഷണം നടത്തിയിരുന്ന പോലിസ് ബുധനാഴ്ച രാവിലെ 9 മണിയോടെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ആയതായി കണ്ടെത്തി. വീട്ടില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെയാണ് അവസാനം മൊബൈല്‍ സിഗ്നല്‍ കണ്ടത്.

നവംബര്‍ 12ന് ഝായുടെ ബന്ധുവായ ബി ജെ വികാസിനെ മൃതദേഹം കണ്ടെത്തിയ വിവരം ആരോ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

യുവമാധ്യമ പ്രവര്‍ത്തകന്റെ മരണം പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.

അതിനിടയില്‍ കൊലപാതകത്തിന് കാരണം പ്രണയമാണെന്ന വാദവുമായി ചില കേന്ദ്രങ്ങള്‍ പ്രചാരണമാരംഭിച്ചിട്ടുണ്ട്. പോലിസിലെ ഒരു വിഭാഗവും അത് ശരിവയ്ക്കുന്നു. എന്നാല്‍ കുടുംബം കരുതുന്നത് വ്യാജ ക്ലിനിക്കുകളുടെ ഉടമകളാണ് കൊലപാതകത്തിനു പിന്നിലെന്നാണ്.

Next Story

RELATED STORIES

Share it