Latest News

ആദിവാസി ഊരുമൂപ്പനെ സ്വാധീനിച്ച് വീടും ഭൂമിയും തട്ടിയെടുക്കാന്‍ ആദിവാസികളല്ലാത്തവരുടെ ശ്രമം

ആദിവാസി ഊരുമൂപ്പനെ സ്വാധീനിച്ച് വീടും ഭൂമിയും തട്ടിയെടുക്കാന്‍ ആദിവാസികളല്ലാത്തവരുടെ ശ്രമം
X

മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ ദുരന്ത പുനരധിവാസ പദ്ധതിയുടെ മറവില്‍ ആദിവാസികള്‍ക്ക് ഭൂമി വാങ്ങാനുള്ള ഫണ്ടില്‍ ക്രമക്കേട് നടന്നെന്ന വിവാദത്തിനിടയില്‍ ആദിവാസി മൂപ്പനെ സ്വാധീനിച്ച് ഭൂമിയും വീടും കൈക്കലാക്കാന്‍ ആദിവാസികളല്ലാത്തവരുടെ ശ്രമം. ഓടക്കയം നെല്ലിയായി ആദിവാസി ഊരുമൂപ്പന്‍ എന്‍ സി ഗോപാലനാണ് ആദിവാസികളല്ലാത്ത ചിലര്‍ക്ക് ഭൂമിയും വീടും അനുവദിച്ച് നല്‍കണമെന്നഭ്യര്‍ത്ഥിച്ച് അപേക്ഷ നല്‍കിയത്. ജൂണ്‍ 29 ന് നല്‍കിയ അപേക്ഷയില്‍ കൊടുമ്പുഴ ആനക്കയം ഭാഗത്ത് താമസിക്കുന്ന വിശ്വംഭരന്‍ പി എസ്, വിജയരാജന്‍ പി എസ് എന്നിവരുടെ പേരില്‍ ഭൂമിയും വീടും അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അപേക്ഷ നല്‍കിയ എന്‍ സി ഗോപാലന്‍ നെല്ലിയായി കുരീരി കോളനികളിലെ ഊരുമൂപ്പനാണ്. തന്റെ ഊര് നിയന്ത്രണത്തില്‍പ്പെടാത്ത മറ്റൊരു ഊരിന്റെ പേരില്‍ ഇടപ്പെടല്‍ നടത്തിയത് ഊരുസഭയുടെ (ഗ്രാമ സഭയുടെ ) ലംഘനമായാണ് ആദിവാസികള്‍ കാണുന്നത്.

കൊടുമ്പുഴ ആദിവാസി കോളനിയിലെ ഊരുമൂപ്പന്‍ കൊടുമ്പുഴ ഗോപാലകൃഷ്ണന്‍ എന്നയാളുടെ നിയന്ത്രണത്തിലുള്ള ഊരില്‍ അനധികൃതമായി ഇടപ്പെടല്‍ നടത്തി ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ രാഷ്ട്രീയ ഇടപ്പെടലാണെന്ന് ആദിവാസികള്‍ ആരോപിച്ചു.

സജീവ രാഷ്ട്രീയ പ്രവര്‍ത്തകരായ ഇവര്‍ ആദിവാസികളെ സ്വാധീനിച്ചാണ് അപേക്ഷ സമര്‍പ്പിച്ചതെന്നാണ് വിവരം. അര്‍ഹതപ്പെട്ട നിരവധി ആദിവാസികള്‍ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ ആശങ്കയോടെ കഴിയുമ്പോള്‍ അനര്‍ഹരായവരുടെ പേരില്‍ അപേക്ഷ സമര്‍പ്പിച്ച ഊരുമൂപ്പന്റെ ഇടപ്പെടലില്‍ ആദിവാസികള്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉയരുന്നുണ്ട്‌

Next Story

RELATED STORIES

Share it