Latest News

നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും

നിയമസഭാ സമ്മേളനം ഇന്നാരംഭിക്കും
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. ജൂലൈ 27 വരെയാണ് സമ്മേളനം. 2022-23 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ അറിയിച്ചു.

2021 മെയ് 24ന് ആദ്യ സമ്മേളനം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭ ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് നാലു സമ്മേളനങ്ങളിലായി മൊത്തം 61 ദിനങ്ങളാണ് സഭ സമ്മേളിച്ചത്. നിയമനിര്‍മ്മാണത്തിനു മാത്രമായി ചേര്‍ന്ന സമ്മേളനത്തില്‍ നിലവിലുണ്ടായിരുന്ന 34 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള 34 ബില്ലുകള്‍ സഭ ചര്‍ച്ച ചെയ്ത് പാസാക്കുകയും ഒരു ബില്‍ (2021ലെ കേരള പൊതുജനാരോഗ്യബില്‍) വിശദമായ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. ആകെ 21 ദിവസങ്ങളില്‍ 167 മണിക്കൂര്‍ സമയം സഭ ചേര്‍ന്നാണ് സഭ ഇത്രയധികം നിയമങ്ങള്‍ ചര്‍ച്ച ചെയ്തു പാസാക്കിയത്.

കഴിഞ്ഞ നാല് സമ്മേളനങ്ങളിലായി സഭ മൊത്തം 48 ബില്ലുകള്‍ പാസാക്കുകയും ചട്ടം 118 പ്രകാരമുള്ള നാല് ഗവണ്‍മെന്റ് പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it