Latest News

ഗതാഗതക്കുരുക്കഴിയാതെ താമരശ്ശേരി ചുരം

ഇന്നും തിരക്ക് കൂടാന്‍ സാധ്യത

ഗതാഗതക്കുരുക്കഴിയാതെ താമരശ്ശേരി ചുരം
X

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യത. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ഗതാഗതക്കുരുക്ക് വൈകീട്ടാണ് നീങ്ങിയത്. അവധിക്കാലം ആഘോഷിക്കാനുള്ള സഞ്ചാരിപ്രവാഹവും യാത്രാവാഹനങ്ങളുടേയും ചരക്കുവാഹനങ്ങളുടേയും തിരക്കും വാഹനങ്ങളുടെ യന്ത്രത്തകരാറുകളും വരിതെറ്റിച്ചുള്ള വാഹനമോടിക്കലും കാരണം താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്.

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അത് നടപ്പിലായില്ല. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് ഇന്നലെ ചുരത്തില്‍ കുടുങ്ങിയത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങള്‍ നീക്കുന്ന പ്രവര്‍ത്തി നാളെ ആരംഭിക്കുന്നുമുണ്ട്.

ശനിയാഴ്ച അര്‍ധരാത്രി മുതല്‍ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് താമരശ്ശേരി ചുരം പാതയില്‍ അനുഭവപ്പെട്ടത്. ഗതാഗതതടസ്സങ്ങള്‍ക്കൊപ്പം വാഹനത്തിരക്ക് കൂടിയായതോടെ കുരുക്കില്‍ കുടുങ്ങിയ വാഹനനിരയുടെ അറ്റം പുതുപ്പാടി 26ാം മൈല്‍വരെ നീണ്ടു. മൂന്നും നാലും മണിക്കൂറുകളെടുത്താണ് പലര്‍ക്കും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ശനിയാഴ്ചയും 13 കിലോമീറ്റര്‍മാത്രം ദൈര്‍ഘ്യമുള്ള ചുരംപാത താണ്ടാനായത്.

ചുരമിറങ്ങിവന്ന പതിന്നാലുചക്ര ചരക്കുലോറി ആറ്, ഏഴ് ഹെയര്‍പിന്‍ വളവുകള്‍ക്കിടയില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷം കുടുങ്ങിയതായിരുന്നു ആദ്യമുണ്ടായ ഗതാഗത തടസ്സം. പുലര്‍ച്ചെ പന്ത്രണ്ടരയോടെ ഒന്‍പതാം വളവിന് മുകളില്‍ ഒരു കാറും യന്ത്രത്തകരാറിനെത്തുടര്‍ന്ന് കുടുങ്ങി. ശനിയാഴ്ച പുലര്‍ച്ചെ പിന്നീട് ബെംഗളൂരുവിലേക്ക് പോവുന്ന സാം ട്രാവല്‍സിന്റെ ദീര്‍ഘദൂര ബസ് കൂടി യന്ത്രത്തകരാര്‍ നേരിട്ട് ശനിയാഴ്ച പുലര്‍ച്ചെ ചുരത്തില്‍ കുടുങ്ങി. കാര്‍ അധികംവൈകാതെ മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്കുശേഷമാണ് ലോറി ചുരത്തിലെ വീതിയുള്ളഭാഗത്തെ റോഡരികിനോട് ചേര്‍ന്ന് മാറ്റിയിടാനായത്.

ഏഴാം വളവിനു സമീപം കുടുങ്ങിയ ബസാവട്ടെ ഉച്ചക്ക് ഒന്നരയോടെയാണ് ക്ലച്ച്ഡിസ്‌കിലെ തകരാര്‍ പരിഹരിച്ച് മാറ്റാനായത്. അതുവരെ ഇതുവഴി ഒറ്റവരിയായാണ് വാഹനഗതാഗതം സാധ്യമായത്. മുമ്പെങ്ങുമില്ലാത്തവിധത്തിലുള്ള സഞ്ചാരിപ്രവാഹം കാരണമുള്ള വാഹനങ്ങളും വരിയില്‍ കാത്തുനില്‍ക്കാനുള്ള ക്ഷമയില്ലാതെ മറികടന്ന് മുന്നോട്ടെടുത്ത് ഗതാഗതക്കുരുക്കിന് ആക്കംകൂട്ടിയ ചില വാഹനയാത്രക്കാരും ചേര്‍ന്നതോടെ ചുരത്തിലെ കുരുക്ക് മുറുകി. മുകളില്‍ ലക്കിടിവരെയും താഴെ അടിവാരവും കൈതപ്പൊയിലും കടന്ന് പുതുപ്പാടിവരെയും ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ വാഹനങ്ങളുടെ നിര നീണ്ടു. പൊതുഗതാഗതത്തെ ആശ്രയിച്ച് ബസുകളിലെത്തിയവരും സ്വകാര്യ, ചരക്ക് വാഹനങ്ങളിലെത്തിയവരുമെല്ലാം മണിക്കൂറുകളോളം വരിയില്‍ കാത്തുകിടന്ന് വലഞ്ഞു. താമരശ്ശേരി ഹൈവേ പോലിസും അടിവാരം ചുരം ഗ്രീന്‍ബ്രിഗേഡ് പ്രവര്‍ത്തകരുമാണ് ഗതാഗതം നിയന്ത്രിച്ചത്.

Next Story

RELATED STORIES

Share it