Latest News

കാരുണ്യ വഴിയിലെ സംഘത്തിന് സഹായവുമായി ക്ഷേത്ര പൂജാരി; ഹൃദയം തൊടുന്ന കുറിപ്പുമായി നര്‍ഗീസ് ബീഗം

അപരിചതമായ സ്ഥലങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് പെട്ടു പോകുമ്പോള്‍ നട്ടപാതിര നേരങ്ങളില്‍ പോലും ദൈവത്തിന്റെ ദൂതന്‍മാര്‍ ചിറകടിച്ച് പറന്ന് വരുന്നുണ്ട്

കാരുണ്യ വഴിയിലെ സംഘത്തിന് സഹായവുമായി ക്ഷേത്ര പൂജാരി; ഹൃദയം തൊടുന്ന കുറിപ്പുമായി നര്‍ഗീസ് ബീഗം
X

കോഴിക്കോട്: സാമൂഹ്യ പ്രവര്‍ത്തകയും നഴ്‌സുമായ നര്‍ഗ്ഗീസ് ബീഗം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു അനുഭവം ഹൃദയസ്പര്‍ശിയായി മാറുകയാണ്. നര്‍ഗ്ഗീസ് ബീഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യമായി നിര്‍മിച്ചു നല്‍കിയ 69ാമത്തെ വീടിന്റെ താക്കോല്‍ കൈമാറ്റം കഴിഞ്ഞ് കൊല്ലത്ത് നിന്നും മടങ്ങുന്ന വഴി വാഹനം കേടായപ്പോള്‍ സാഹായവുമായി എത്തിയ ക്ഷേത്ര പൂജാരിയെ കുറിച്ചാണ് അവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്. കുറിപ്പ് ഇങ്ങിനെയാണ്.

ഇന്നലെ കൊല്ലത്ത് നിന്നും തിരികെ വരും വഴി ....


വീടിന്റെ താക്കോല്‍ നല്‍കലും ഏഞ്ചല്‍സ് സന്ദര്‍ശനവും കഴിഞ്ഞിറങ്ങുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു .ചേര്‍ത്തലയിലെത്തിയപ്പോഴാണ്, ആടിയുലഞ്ഞോടുന്ന വണ്ടി. വണ്ടിയുടെ ടയര്‍ പഞ്ചറായത് താരിക്കിന് മനസ്സിലായി. വണ്ടി അവിടെ നിന്നു !

നല്ല മഴയും .....

ജാഫറിനെയും ഷാജിക്കയേയും വിളിച്ച് താരിക് മഴയിലേക്കിറങ്ങി. ഉറക്കത്തിലേക്ക് വഴുതി വീഴാനൊരുങ്ങുന്ന ഞാന്‍ വണ്ടി നിന്നതറിഞ്ഞ് ഞെട്ടിയെഴുന്നേറ്റു. അനേകം വാഹനങ്ങള്‍ കുതിച്ചോടുന്ന ആലപ്പുഴ ഹൈവേയുടെ ചാരെ ടയര്‍ മാറ്റിയിടാന്‍ മഴയുടെ ചോര്‍ച്ചക്ക് കാത്ത് നില്‍ക്കുന്ന ഞങ്ങള്‍. അനീസയിത്തയെ മൂവാറ്റുപുഴയിലെ അവരുടെ വീട്ടിലെത്തിച്ചിട്ട് വേണം ഞങ്ങള്‍ക്ക് നാട് പിടിക്കാന്‍ രാവിലെ ഡ്യൂട്ടിക്ക് കേറേണ്ടതുമാണ്.

മഴ തോരാന്‍ കാത്തു നിക്കുന്ന ഞങ്ങള്‍ക്കരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയ മറ്റൊരു കാര്‍. അതില്‍ നിന്നും ഷര്‍ട്ടിടാത്ത ഒരു രൂപം ഇറങ്ങി വന്നു !

ആള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു !

പിന്നെ ടയറ് അഴിക്കാനും കുടുക്കാനും മറ്റും വളരെ ആത്മാര്‍ത്ഥതയോടെ കൂടെ നില്‍ക്കുന്നതാണ് കണ്ടത്.

അടുത്തുള്ള അമ്പലത്തിലെ പൂജാരിയാണ് ആള്, പേര് ബിനു. മഴ നനഞ്ഞ് ഞങ്ങളോടൊപ്പം ചേര്‍ന്ന് ആ നട്ടപാതിര നേരത്ത് ടയര്‍ മാറ്റിയിടാന്‍ സഹായിച്ച ആ മനുഷ്യന്‍. അത് മാത്രമല്ല ശേഷം തണ്ണീര്‍മുക്കം ബണ്ട് വരെ ഞങ്ങള്‍ക്ക് മുന്‍പില്‍ വഴികാട്ടിയായി ആ പെരുംമഴയില്‍ ആ നല്ല മനുഷ്യനുമുണ്ടായിരുന്നു

ആളും മനുഷ്യനുമില്ലാത്ത ആ വിജനപാതയില്‍ ഞങ്ങളുടെ നന്ദി വാക്കിന് കാതോര്‍ക്കാതെ തിരിച്ച് പോയി.

ഞങ്ങളില്‍ ആരെയും അറിയുന്ന ആളല്ല, അപരിചതമായ സ്ഥലങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ട് പെട്ടു പോകുമ്പോള്‍ നട്ടപാതിര നേരങ്ങളില്‍ പോലും ദൈവത്തിന്റെ ദൂതന്‍മാര്‍ ചിറകടിച്ച് പറന്ന് വരുന്നുണ്ട്

വിനു ശാന്തി എന്ന ദൈവത്തിന്റെ സ്വന്തം ദാസന് ഞങ്ങളുടെ സ്‌നേഹവും കടപ്പാടും അറിയിക്കുന്നു.


Next Story

RELATED STORIES

Share it