Latest News

മുന്‍വൈരാഗ്യത്താല്‍ ഓട്ടോ ഡ്രൈവറെ അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ട് പേരെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു

മുന്‍വൈരാഗ്യത്താല്‍ ഓട്ടോ ഡ്രൈവറെ അബ്കാരി കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ട് പേരെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു
X

പരപ്പനങ്ങാടി: പുത്തരിക്കല്‍ ഉള്ളണം പള്ളിയുടെ മുന്‍വശത്ത് ഓട്ടോറിക്ഷയില്‍ നാടന്‍ ചാരായം വില്‍പ്പന നടത്തുന്നുവെന്ന് വിളിച്ച് പറഞ്ഞ് ഓട്ടോറിക്ഷാഡ്രൈവറെ അറസ്റ്റ് ചെയ്യിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേരെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. മുജീബ് റഹ്മാന്‍, മജീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പോലിസ് നല്‍കുന്ന വിവരമനുസരിച്ച് സംഭവം ഇങ്ങനെയാണ്: താനൂരില്‍ ഓട്ടോ ഓടിക്കുന്ന ഷൗക്കത്തലി തന്റെ വാഹനത്തില്‍ മദ്യക്കച്ചവടം നടത്തുന്നുവെന്ന് പ്രതികള്‍ പോലിസിനെ ഫോണില്‍ അറിയിച്ചു. പോലിസ് നടത്തിയ പരിശോധനയില്‍ ഓട്ടോയില്‍നിന്ന് നാലര ലിറ്റര്‍ ചാരായം കണ്ടെടുത്തു. ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയതില്‍ കൂടുതല്‍ അന്വേഷണം നടത്തി. ഓട്ടോ ഡ്രൈവറുടെ അയല്‍വാസിയായ മുജീബ് റഹ്മാന്‍ എന്നയാളിന്റെ നിര്‍ദേശപ്രകാരം വാഴയൂര്‍ സ്വദേശി അബ്ദുള്‍ മജീദാണ് ഓട്ടോയില്‍ ചാരായം ഒളിപ്പിച്ചതെന്ന് മനസ്സിലായി. കോട്ടക്കല്‍ ചുടലപ്പാറയില്‍ നിന്നും ഷൗക്കത്തലിയുടെ ഓട്ടോ വിളിച്ച് യാത്രയ്ക്കിടയില്‍ അബ്ദുള്‍ മജീദ്, മുജീബ് റഹ്മാന്‍ നല്‍കിയ ചാരായക്കുപ്പി ഓട്ടോയുടെ പിന്നില്‍ ഒളിപ്പിക്കുകയായിരുന്നു.

പരപ്പനങ്ങാടി പുത്തരിക്കല്‍ എത്തിയ ശേഷം അബ്ദുള്‍ മജീദ് ഓട്ടോയില്‍ നിന്ന് ഇറങ്ങി കുറച്ചുനേരം കാത്തിരിക്കാന്‍ പറഞ്ഞ് മുങ്ങി. ഓട്ടോറിക്ഷയെ പിന്‍തുടര്‍ന്ന് വന്ന മുജീബ് റഹ്മാന്‍ ഓട്ടോ ഡ്രൈവര്‍ കാണാതെ മാറി നിന്ന് ഓട്ടോറിക്ഷയില്‍ ചാരായം വില്‍പന നടത്തുന്നുവെന്ന് പൊലിസില്‍ അറിയിക്കുകയായിരുന്നു.

മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ സി ഐ ഹണി കെ ദാസ്, എസ് ഐ പ്രദീപ്കുമാര്‍, ഡാന്‍സഫ് അംഗങ്ങളായ ജിനു, വിപിന്‍, അഭിമന്യു, ആല്‍ബിന്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

സാക്ഷികളില്‍നിന്ന മൊഴിയെടുത്തും സിസിടിവികള്‍ നിരീക്ഷിച്ചും സിഡിആര്‍ പരിശോധിച്ചുമാണ് തെളിവുകള്‍ ശേഖരിച്ചത്.

Next Story

RELATED STORIES

Share it