Latest News

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ;രണ്ടാഴ്ചക്കിടേ നടന്നത് 5 മരണങ്ങള്‍

ഗണിതവും ജീവശാസ്ത്രവും തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലിസ് പറഞ്ഞു

തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ;രണ്ടാഴ്ചക്കിടേ നടന്നത് 5 മരണങ്ങള്‍
X

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു.ശിവഗംഗ കാരക്കുടി ചക്കോട്ടയില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ചത്.വീടിനുളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.ഗണിതവും ജീവശാസ്ത്രവും തനിക്ക് ബുദ്ധിമുട്ടാണെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പോലിസ് പറഞ്ഞു.രണ്ടാഴ്ചക്കിടെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണം അഞ്ച് ആയി.

24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മൂന്നാമത്തെ സംഭവമാണിത്.പഠന ഭാരവും,മാനസിക സമ്മര്‍ദ്ദവുമാണ് മിക്ക ആത്മഹത്യക്കും കാരണമായതെന്നാണ് വിദ്യാര്‍ഥികളുടെ ആത്മഹത്യ കുറിപ്പില്‍ നിന്നും വ്യക്തമാകുന്നത്.വിദ്യാര്‍ഥികളുടെ ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാഴ്ചക്കിടേ റിപോര്‍ട്ട് ചെയ്യപ്പെട്ട അഞ്ചാമത്തെ ആത്മഹത്യയാണ് ഇത്.ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഇന്നലെ തൂങ്ങിമരിച്ചിരുന്നു.പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്. മാതാപിതാക്കള്‍ ജോലിസ്ഥലത്തിരിക്കെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ തിരുവള്ളൂര്‍ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ 12ാം ക്ലാസുകാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്നലെ രാവിലെ അവര്‍ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയില്‍ സംസ്‌കാരച്ചടങ്ങ് നടന്നു.ജൂലായ് 13ന് കള്ളക്കുറിച്ചിയിലും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു.

Next Story

RELATED STORIES

Share it