Latest News

വിസാ നിയമത്തിലെ ഭേദഗതി: വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി ഇന്ത്യയില്‍ വരാനാവില്ല

''ഏതെങ്കിലും തരത്തിലുള്ള വിസ അനുവദിച്ച വിദേശ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു

വിസാ നിയമത്തിലെ ഭേദഗതി: വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ഇനി ഇന്ത്യയില്‍ വരാനാവില്ല
X

ന്യൂഡല്‍ഹി: ഇനി മുതല്‍ വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് ടൂറിസ്റ്റ് വിസയില്‍ പോലും രാജ്യത്ത് പ്രവേശിക്കാനാവില്ല. വിസാ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരുടെ വരവിന് കേന്ദ്രസര്‍ക്കാര്‍ തടസ്സം തീര്‍ത്തത്. തബ്‌ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നത് വിസാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന നടപടിയാണെന്നാണ് അഭ്യന്തര മന്ത്രാലയം പുതിയ ഭേദഗതിയായി കൂട്ടിച്ചേര്‍ത്തത്. വിദേശികള്‍ രാജ്യത്ത് തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്താല്‍ 500 ഡോളര്‍ പിഴ അടക്കണം. ഇതു കൂടാതെ വിസാ ലംഘനത്തിന് പത്തുവര്‍ഷത്തെ പ്രവേശന വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

''ഏതെങ്കിലും തരത്തിലുള്ള വിസ അനുവദിച്ച വിദേശ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും തബ്‌ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. മതപരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലും മതപരമായ പ്രഭാഷണങ്ങള്‍ ശ്രവിക്കുന്നതിനും വിലക്കില്ല. എന്നാല്‍ മതപരമായ തത്വങ്ങള്‍ സംസാരിക്കുക, മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുക, മതപരിവര്‍ത്തനത്തിന് ശ്രമിക്കുക എന്നിവ പാടില്ല എന്നാണ് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് വിനോദം, കാഴ്ചകള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരെ സന്ദര്‍ശിക്കുക എന്നിവ മാത്രമേ അനുവദിക്കുകയുള്ളൂ. അതിനു പുറമെ ഹ്രസ്വകാല യോഗ ക്ലാസുകളിലും പങ്കെടുക്കാമെന്നും പുതിയ ഭേദഗതിയില്‍ വിശദീകരിക്കുന്നുണ്ട്.

അതേസമയം തടവിലാക്കപ്പെട്ട വിദേശ തബ്‌ലീഗ് അംഗങ്ങള്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് തബ്‌ലീഗ് ജമാഅത്ത് നേതൃത്വം വിശദീകരിക്കുന്നു. മതപ്രഭാഷണങ്ങളില്‍ പങ്കെടുക്കുന്നതിനും പള്ളിയില്‍ താമസിക്കുന്നതിനും വിസാ നിയമപ്രകാരം യാതൊരു നിയന്ത്രണവുമില്ല. അവര്‍ മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയോ പ്രസംഗിക്കുകയോ ചെയ്തിട്ടുമില്ല. മതപരിവര്‍ത്തനത്തിന് ശ്രമിച്ചിരുന്നെങ്കില്‍ അവരെ അമുസ്‌ലിംകള്‍ക്കിടയിലാണ് കാണേണ്ടിയിരുന്നതെന്നും തബ്‌ലീഗ് ജമാഅത്ത് നേതൃത്വം പറഞ്ഞു.


Next Story

RELATED STORIES

Share it