Latest News

നാറ്റോയില്‍ ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; ഫിന്‍ലന്‍ഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ

നാറ്റോയില്‍ ചേരാനുള്ള തീരുമാനം: ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരും; ഫിന്‍ലന്‍ഡിനും സ്വീഡനും മുന്നറിയിപ്പുമായി റഷ്യ
X

മോസ്‌കോ: നാറ്റോ സൈനിക സഖ്യത്തില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റയും സ്വീഡന്റെയും തീരുമാനങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പുമായി റഷ്യ. വിഷയത്തില്‍ ഈ രാജ്യങ്ങള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിക്കുമെന്നും റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് വ്യക്തമാക്കി. ഫിന്‍ലന്‍ഡിന്റെയും സ്വീഡന്റെയും പുതിയ നീക്കങ്ങള്‍ നിലവിലെ സൈനിക സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

അതിനാല്‍ നാറ്റോയില്‍ ചേരാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതാണ് ഇരുരാജ്യങ്ങള്‍ക്കും നല്ലതെന്നും റിയാബ്‌കോവ് പറഞ്ഞു. അടിസ്ഥാനമില്ലാത്ത ആശയങ്ങള്‍ക്ക് വേണ്ടി സാമാന്യബോധം അടിയറവ് വയ്ക്കുന്നത് പരിതാപകരമാണ്. ഈ തീരുമാനത്തിലൂടെ ഇരുരാജ്യങ്ങളുടേയും സുരക്ഷിതത്വം വര്‍ധിക്കില്ലെന്നും അവക്കെതിരേ റഷ്യ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും റയാബ്‌കോവ് കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ അധിനിവേശം ഭയന്നാണ് പതിറ്റാണ്ടുകളായി ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

റഷ്യയുമായി 1,300 കിലോമീറ്റോളം അതിര്‍ത്തി പങ്കിടുന്ന ഫിന്‍ലന്‍ഡിന്റെ പ്രദേശത്ത് അധിനിവേശം നടത്തുമെന്നാണ് റഷ്യയുടെ ഭീഷണി. അതേസമയം, യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയാണ് റഷ്യയുടെ അയല്‍രാജ്യങ്ങളായ ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന നോര്‍ഡിക് രാജ്യമായ ഫിന്‍ലന്‍ഡ് നേരത്തേ നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. വരും ദിവസങ്ങളില്‍ ഫിന്നീഷ് പാര്‍ലമെന്റ് തീരുമാനത്തിന് അംഗീകാരം നല്‍കിയേക്കും. മുപ്പതോളം അംഗരാഷ്ട്രങ്ങളുള്ള നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനില്‍ (നാറ്റോ) അംഗമാവുന്ന കാര്യം ഫിന്നിഷ് പ്രസിഡന്റ് സൗലി നീനിസ്‌റ്റോ ശനിയാഴ്ചയാണ് റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിനെ ധരിപ്പിച്ചത്.

Next Story

RELATED STORIES

Share it