Latest News

താമസിച്ചത് കുടുംബത്തോടൊപ്പം, അവിടേക്ക് മറ്റൊരു സ്ത്രീയെ ക്ഷണിക്കാനുള്ള മൗഢ്യമില്ല; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ശ്രീരാമകൃഷ്ണന്‍

താമസിച്ചത് കുടുംബത്തോടൊപ്പം, അവിടേക്ക് മറ്റൊരു സ്ത്രീയെ ക്ഷണിക്കാനുള്ള മൗഢ്യമില്ല; സ്വപ്‌നയുടെ ആരോപണങ്ങള്‍ തള്ളി ശ്രീരാമകൃഷ്ണന്‍
X

കോഴിക്കോട്: സ്വപ്‌ന സുരേഷ് തുടര്‍ച്ചയായി നടത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ നിയമസഭാ സ്പീക്കറും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണന്‍ രംഗത്ത്. 'ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്' എന്ന തലക്കെട്ടോടെയാണ് ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പ്. അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയതരം ആരോപണങ്ങളിലേക്ക് ശൈലി മാറ്റം സംഭവിച്ചിരിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയില്‍ താമസിച്ചിരുന്നത്. അവിടെ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം നിരവധി പേരുണ്ടാവാറുണ്ട്.

ഔദ്യോഗികവസതി എത്തുന്നതിനു മുമ്പ് പോലിസ് കാവലുള്ള രണ്ട് ഗേറ്റുകള്‍ കടക്കണം, ഔദ്യാഗിക വസതിയില്‍ താമസക്കാരായ രണ്ട് ഗണ്‍മാന്‍മാരും, രണ്ട് അസിസ്റ്റന്റ് മാനേജര്‍മാരും, ഡ്രൈവര്‍മാരും, പിഎയും, കുക്കുമാരുമെല്ലാമുണ്ട്. അതിന് പുറമേ പകല്‍സമയങ്ങളില്‍ ദിവസവേതനക്കാരായ ക്ലീനിങ് സ്റ്റാഫുകള്‍, ഗാര്‍ഡന്‍ തൊഴിലാളികളും എല്ലാമുള്ളപ്പോള്‍. അവരുടെയെല്ലാം കണ്ണുവെട്ടിച്ച് അവിടേക്ക് ആരെങ്കിലും ഒറ്റയ്ക്ക് വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം തനിക്കില്ല. ആര്‍ക്കും അനാവശ്യസന്ദേശങ്ങള്‍ അയച്ചിട്ടില്ല.

ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഊഹാപോഹങ്ങളും അസത്യങ്ങളും, ബ്രേക്കിങ് ന്യൂസും തലക്കെട്ടുകളുമായി നിറയുമ്പോള്‍ ശൂന്യതയില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വയം തിരുത്തിക്കൊള്ളട്ടെ എന്നാണ് കരുതിയിരുന്നത്. ആരോപണങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ടുപോകാനാവൂ. പാര്‍ട്ടിയുമായി ആലോചിച്ച് അക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കുമെന്ന് പറഞ്ഞാണ് ശ്രീരാമകൃഷ്ണന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'ചിത്രവധം മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ്'

അസംബന്ധവും അസത്യപ്രചരണങ്ങളും എല്ലാ പരിധിയും കടന്ന് ഇപ്പോള്‍ പുതിയ തരം ആരോപണങ്ങളിലേക്ക് ശൈലിമാറ്റം സംഭവിച്ചിരിക്കുന്നു. ഓരോ ദിവസവും രാവിലെ പത്രങ്ങളില്‍ നിന്നും അറിയുന്ന ആരോപണ കോലാഹലങ്ങള്‍ക്ക് ഇതുവരെയും പ്രതികരിക്കാന്‍ പോയിട്ടില്ല.

മൊഴികള്‍ എന്നപേരില്‍ ഊഹാപോഹങ്ങളും അസത്യങ്ങളും, ബ്രേക്കിംഗ് ന്യൂസുകളും തലക്കെട്ടുകളുമായി നിറയുമ്പോള്‍ ശൂന്യതയില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്വയം തിരുത്തിക്കൊള്ളട്ടെ എന്നാണ് കരുതിയിരുന്നത്.

'എന്തെല്ലാം എന്തെല്ലാം പ്രചരണങ്ങള്‍!'

'സ്പീക്കര്‍ക്ക് യൂറോപ്പില്‍ 300 കോടിയുടെ നിക്ഷേപം', 'ഷാര്‍ജയില്‍ സ്വന്തമായി കോളേജ്' 'ഡോളര്‍ കടത്തില്‍ പങ്കാളിത്തം', 'ഷാര്‍ജാ ഷെയ്ക്കുമായി രഹസ്യ ഇടപാടുകള്‍', അതിനായി അദ്ദേഹവുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച്ച ഏര്‍പ്പാടാക്കി തന്നു. ലോക കേരളസഭയും വ്യവസായികളുടെ നിക്ഷേപക സംഗമത്തേയും ഒന്നാണെന്ന് ധരിച്ച് കെ.സുരേന്ദ്രന്റെ ആരോപണങ്ങള്‍, 41 തവണ ഡല്‍ഹി വഴി സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതിയോടൊത്ത് വിദേശയാത്ര, (ഒരു തവണ പോലും ഉണ്ടായിട്ടില്ലാത്ത യാത്രയാണ് ആഘോഷിക്കപ്പെട്ടത്.).

ലണ്ടനില്‍ മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിച്ച വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ 4 ദിവസത്തെ ദുരൂഹമായ തിരോധാനം, അതിന്റെ അനുബന്ധകഥകള്‍ (സുഹൃത്തായ രാജേഷ് കൃഷ്ണയുടെ വീട് താമസം, സജിയുടെ വീട്ടില്‍ ഭക്ഷണം, ഒരുമനയൂരിലെ സുഹൃത്ത് നാലകത്ത് ഫൈസലിനെപ്പം ആതിഥ്യം സ്വീകരിച്ചത്, പൊന്നാനിക്കാരുടെ സ്‌നേഹക്കൂട്ടായ്മ, തൃത്താലയിലുള്ള മമ്മിക്കുട്ടി ങഘഅ യുടെ സഹോദരന്‍ മജീദിന്റെ ആതിഥ്യം) ഇങ്ങനെയുള്ള തുറന്ന പുസ്തകം പോലുള്ള യാത്രയാണ് അന്താരാഷ്ട്ര കുറ്റവാളിയെ പോലെ പിന്നീട് ചിത്രീകരികപ്പെട്ടത്.

ഉഗാണ്ടയില്‍ നടന്ന കോമണ്‍വെല്‍ത്ത് സ്പീക്കര്‍മാരുടെ സമ്മേളനത്തില്‍ ദുരൂഹമായ സന്ദര്‍ശനങ്ങള്‍, ( പൂര്‍ണ്ണമായും മലയാളികള്‍ക്കൊപ്പം ചെലവഴിച്ച ദിവസങ്ങളെ കുറിച്ചായിരുന്നു പ്രചരണം.) അതിനിടയിലാണ് എറണാംകുളത്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ മേല്‍ പറഞ്ഞ സ്വര്‍ണ്ണ കടത്തു കേസിലെ പ്രതിയായ സ്ത്രീയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ഒരാള്‍ ആരോപണം ഉന്നയിക്കുന്നു. എറണാംകുളത്തോ, ഇന്ത്യയിലോ,വിദേശത്തോ മാത്രമല്ല ഒരിക്കല്‍ പോലും തിരുവനന്തപുരത്തിന് പുറത്ത് കണ്ടിട്ടില്ലാത്ത ഒരാളെ സംബന്ധിച്ചാണ് വാര്‍ത്ത ഉണ്ടാക്കിയത്.

ഒടുവില്‍ എന്റെ ആത്മഹത്യാശ്രമം വരെ ഉണ്ടായെന്ന് നിഷ്ഠൂരമായി വാര്‍ത്തയുണ്ടാക്കി പ്രചരിപ്പിച്ചു. ഇങ്ങനെ ഊഹാപോഹങ്ങളുടെയും അസത്യ പ്രചാരകരുടെയും വലയില്‍ കുടുങ്ങി ചിത്രവധം ചെയ്യാനൊരുങ്ങുമ്പോള്‍ സത്യത്തിന്റെ ഒരു കണിക പോലും ഇതിലെവിടെയെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചില്ല. ബ്രേക്കിംങ് ന്യൂസുകളും. വെണ്ടക്ക നിരത്തലും കഴിയുമ്പോള്‍ മാധ്യമ മര്‍ദ്ദനത്തിന് വിധേയനായവന്റെ മാനസീകാവസ്ഥ അല്‍പം പോലും മനസിലാക്കാതെ പോയി. ഒടുവില്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ച് അവസാനിപ്പിച്ചു.

അപ്പോഴാണ് പശു ചത്തിട്ടും മോരിലെ പുളി പോവില്ല എന്ന് പറയും പോലെ പുതിയ തിരക്കഥകള്‍ പുറത്തുവരുന്നത്. മേല്‍ പറഞ്ഞ പഴയതും പുതിയതുമായതെല്ലാം സത്യത്തിന്റെ ഒരു കണികപോലും ഇല്ലാത്ത അസത്യങ്ങള്‍ മാത്രമായിരുന്നു. അസംബന്ധം മാത്രമായിരുന്നു. ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്‌സില്‍ തന്നെയായതിനാല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി എന്നറിഞ്ഞാല്‍ വീട്ടിലേക്ക് സന്ദര്‍ശകര്‍ വരുന്നത് പുതുമയുള്ള

കാര്യമല്ലായിരുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ ശ്രീമതി സ്വപ്‌നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭര്‍ത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്.

ഔദ്യോഗികവസതി എത്തുന്നതിനു മുന്‍പ് പൊലീസ് കാവല്‍ ഉള്ള 2 ഗേറ്റുകള്‍ കടക്കണം, ഔദ്യാഗിക വസതിയില്‍ താമസക്കാരായ 2 ഗണ്‍മാന്‍മാരും, 2 അസിസ്റ്റന്റ് മാനേജര്‍മാരും, െ്രെഡവര്‍മാരും, ജഅ യും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകല്‍സമയങ്ങളില്‍ ദിവസവേതനക്കാരായ

ക്ലീനിങ് സ്റ്റാഫുകള്‍, ഗാര്‍ഡന്‍ തൊഴിലാളികളും എല്ലാമുള്ളപ്പോള്‍ . ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയില്‍ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല.

മാത്രമല്ല ഒദ്യോഗിക വസതിയില്‍ താമസിച്ചത് എന്റെ കുടുംബത്തോടൊപ്പമാണ്. ഭാര്യയും, മക്കളും, അമ്മയും ചേര്‍ന്ന്

കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ്സ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാന്‍ മാത്രം സംസ്‌ക്കാര ശൂന്യനല്ല ഞാന്‍. മകള്‍ പള്ളിപ്പുറം ഏഷ്യന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലും, മകന്‍ സെന്റ് ജോസഫ് ഹൈസ്‌കൂളിലും ആണ് പഠിച്ചിരുന്നത്. ഭാര്യ വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നതിനാലും എല്ലാവരും തിരുവനന്തപുരത്തായിരന്നു. അമ്മ പൂര്‍ണമായും എന്റെ കൂടെ തന്നെയായിരുന്നു.

ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദര്‍ശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്‌നേഹത്തോടും, സൗഹൃദത്തോടും, വിനയത്തോടുമാണ് പെരുമാറിയിട്ടുള്ളത്. അതില്‍ തെറ്റിദ്ധാരണ ഉള്ളതായിട്ട് 40 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ ആരെങ്കിലും പരാതിപ്പെട്ടതായി എന്റെ അറിവില്‍ ഇല്ല. ഞാന്‍ ആര്‍ക്കും അനാവശ്യ സന്ദേശങ്ങള്‍ അയച്ചിട്ടുമില്ല. സ്വര്‍ണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണ് എന്ന് വ്യക്തമാണ്.

കോണ്‍സുലേറ്റിന്റെ പല കാര്യങ്ങള്‍ക്കുമായി എന്റെ ഓഫീസ് മുഖേന ശ്രീമതി സ്വപ്‌നയെ ബന്ധപ്പെട്ടിട്ടുണ്ട് . എന്നാല്‍ ഡഅഋ കോണ്‍സുലേറ്റില്‍ ഞാന്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. ആ കെട്ടിടം കണ്ടിട്ടുമില്ല. ചില ഇഫ്താര്‍ വിരുന്നുകളില്‍ കണ്ടിട്ടുള്ളതല്ലാതെ അറ്റാഷെയുമായി എനിക്ക് സൗഹൃദമില്ല. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ പോലും കൈവശമില്ല. ഒരിക്കല്‍ പോലും അദ്ദേഹത്തെ ഫോണ്‍ ചെയ്തിട്ടുമില്ല. ഒരു കോണ്‍ടാക്റ്റുമില്ലാത്ത ഒരാളുമായി ചേര്‍ന്ന് ഇടപാടുകള്‍ എന്നെല്ലാം പറയുമ്പോള്‍ അത് ക്രൂരമായ ആരോപണമാണ്.

കാടടച്ച് വെടിവെക്കും പോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയുള്ള ഒരാളുടെ പുറകില്‍ രാഷ്ട്രീയ താത്പര്യം വെച്ച് പുറകെ കൂടുന്നവര്‍ ഓര്‍മ്മിക്കുക സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും ഒരുന്നാള്‍ പുറത്ത് വരിക തന്നെ ചെയ്യും. നിരുത്തരവാദപരവും നികൃഷ്ടവുമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമ പ്രഭൃതികള്‍ അവര്‍ ഇതുവരെ പ്രചരിപ്പിച്ച വൈദേശിക ബന്ധങ്ങളെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചടക്കമുള്ള വാര്‍ത്തകളില്‍ സത്യത്തിന്റെ ഒരു കണിക പോലും ഉണ്ടെങ്കില്‍ പുറത്തു കൊണ്ടു വരട്ടെ.

എന്തായാലും ഈ തിരകഥകളില്‍ നിന്നും ഞാന്‍ പഠിച്ച ഒരു പാഠമുണ്ട്, ' വിശ്വാസം അതല്ല എല്ലാം' എന്നതു തന്നെയാണ്.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മാത്രം പ്രചരിപ്പിക്കപ്പെടുന്ന ഈ അസത്യങ്ങളുടെ ഗുണഭോക്താക്കള്‍ ആരാണെന്ന് പൊതുസമൂഹം തിരിച്ചറിയണം. സംഘ പരിവാറിന്റെ കുബുദ്ധിയും, ആസൂത്രണവും ഏതു പരിധയും കടക്കുമെന്ന് കിഫ്ബി അന്വേഷണത്തിലും, ലൈഫ് ഭവനപദ്ധതി മുടക്കുന്ന രീതിയിലുള്ള ഇഡി അന്വേഷണവും , സഹകണ പ്രസ്ഥാനങ്ങളുടെ അസ്ഥിവാരം തകര്‍ക്കുന്ന തരത്തില്‍ അന്വേഷണം കൊണ്ടുവന്നതിലുമെല്ലാം നമ്മള്‍ കണ്ടതാണ്. അതിന് സഹായകരമായ വ്യക്തിഹത്യ നടത്തുന്നതിന്റെ ഉദ്ദേശവും മറ്റൊന്നല്ല എന്ന് ജാഗ്രതയോടെ തിരിച്ചറിയണം.

സാമ്പത്തീക കുറ്റകൃത്യങ്ങള്‍, സ്വര്‍ണ്ണ കടത്തിന്റെ ഉറവിടം, ലക്ഷ്യം, അതിന്റെ അനുബന്ധ നാടകങ്ങള്‍ ഇതൊന്നും വേണ്ടത്ര പുറത്ത് വരാതിരിക്കാനുള്ള ഗൂഡാലോചനയുടെ രാഷ്ട്രീയമാണ് ഇതിന്റെ പുറകിലുള്ള ലക്ഷ്യം. അറിഞ്ഞോ അറിയാതേ യോ അതിന് കരുവായി തീരുകയാണ് പ്രതിയായ സ്വപ്‌ന. അതു കൊണ്ട് തന്നെ ഇതിനെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകാനാവൂ. പാര്‍ട്ടിയുമായി ആലോചിച്ച് അക്കാര്യത്തില്‍ ഒരു നിലപാട് സ്വീകരിക്കും.

Next Story

RELATED STORIES

Share it