Latest News

അറസ്റ്റിനുള്ള കാരണം എഴുതിനല്‍കണം: സുപ്രിംകോടതി

അറസ്റ്റിനുള്ള കാരണം എഴുതിനല്‍കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത്, അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ അറസ്റ്റിന്റെ കാരണം എഴുതി നല്‍കണം എന്നും കോടതി വ്യക്തമാക്കി. മുംബൈയില്‍ ആഡംബരകാറിടിച്ച് സ്‌കൂട്ടര്‍ യാത്രികയെ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ പരാമര്‍ശം. ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായുടെ കേസിലാണ് വിധി പുറപ്പെടുവിച്ചത്.

മുന്‍പ് ഈ വ്യവസ്ഥ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പിഎംഎല്‍എ)ത്തിലോ യുഎപിഎ കേസുകളിലോ മാത്രമേ ബാധകമായിരുന്നുള്ളൂ. എന്നാല്‍, സുപ്രിംകോടതിയുടെ പുതിയ വിധിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം (ബിഎന്‍എസ്) പ്രകാരമുള്ള എല്ലാ കേസുകളിലും ഈ നിബന്ധന ഇനി നിര്‍ബന്ധമായിരിക്കും.

പ്രതിക്ക് ഉടന്‍തന്നെ കാരണം എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ വാക്കാല്‍ അറിയിക്കണം. അത്തരത്തില്‍ റിമാന്‍ഡിനായി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുന്നതിന് കുറഞ്ഞത് രണ്ടുമണിക്കൂര്‍ മുന്‍പ് കാരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാകുമെന്നും വിധിയില്‍ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി. ഭരണഘടനയിലെ 22(1)ആം അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കപ്പെടേണ്ടതെന്നത് വെറും ഔപചാരികതയല്ലെന്നും അത് ഒരു മൗലികാവകാശ സംരക്ഷണമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുക ഭരണഘടനാപരമായ അവകാശലംഘനമാണെന്നും വിധി ചൂണ്ടിക്കാട്ടി.

മിഹിര്‍ ഷായെ അറസ്റ്റുചെയ്യുമ്പോള്‍ നടപടിക്രമം പാലിച്ചില്ലെന്ന് മുംബൈ ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നുവെങ്കിലും അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസ് സുപ്രിംകോടതിയിലെത്തി. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ കേസുകളിലും അറസ്റ്റിന്റെ കാരണം എഴുതി നല്‍കണമെന്നത് സുപ്രിംകോടതി നിര്‍ബന്ധമാക്കിയത്.

Next Story

RELATED STORIES

Share it