Latest News

സുപ്രിംകോടതി വിധി: സവര്‍ണ സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട്

സുപ്രിംകോടതി വിധി: സവര്‍ണ സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്ന് പോപുലര്‍ ഫ്രണ്ട്
X

തിരുവനന്തപുരം: പരിധി മറികടന്നുള്ള സംവരണത്തെ നീതീകരിക്കാന്‍ കഴിയില്ലെന്ന സുപ്രിംകോടതി വിധി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള തിരിച്ചടിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഈ വിധിയുടെ പശ്ചാത്തലത്തില്‍ 10 ശതമാനം സവര്‍ണ സംവരണം പിന്‍വലിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

50 ശതമാനം പരിധി മറികടന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കിയ മറാത്ത സംവരണം റദ്ദാക്കിയാണ് സുപ്രിംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്. സവര്‍ണ സംവരണം സാമൂഹിക നീതി അട്ടിമറിക്കുന്നതാണെന്ന് ഈ വിധിയോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. നിലവിലുള്ള 50 ശതമാനം സംവരണത്തെ മറികടന്ന് മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കിയതോടെ കേരളത്തില്‍ സംവരണ പരിധി 60 ശതമാനമാണ്. സവര്‍ണ സംവരണം നടപ്പാക്കാനായി സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പതു ശതമാനത്തില്‍ കൂടുതല്‍ വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. ഈ വാദങ്ങളെല്ലാം അപ്രസക്തമാവുന്ന വിധിയാണ് സുപ്രിംകോടതിയുടേത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അധികാരം, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ സകല മേഖലകളിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇനിയും സംവരണ തോതിന് ആനുപാതികമായി പോലും പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നത് വസ്തുതതയാണ്. രാജ്യത്തിന്റെ സകലമേഖലകളിലും അധികാരം കൈയ്യടക്കിവച്ചിട്ടുള്ള സവര്‍ണ വിഭാഗത്തിന് തങ്ങളുടെ മേധാവിത്വം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സാമ്പത്തിക സംവരണം ഉപകരിക്കുക. നിലവിലുള്ള സംവരണ തോത് പോലും പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യക്ക് ആനുപാതികമല്ല എന്ന അസന്തുലിതത്വം നിലനില്‍ക്കേയാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ സവര്‍ണസംവരണം നടപ്പാക്കിയത്.

പ്രാതിനിധ്യക്കുറവല്ല ഈ സംവരണം നടപ്പാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രചോദിപ്പിച്ചതെന്ന് വ്യക്തമാണ്. മറിച്ച് മുന്നോക്ക സമുദായത്തെ ഒരു രാഷ്ട്രീയ ശക്തിയെന്ന നിലയില്‍ ഇടതുപക്ഷത്തിനോട് അടുപ്പിച്ച് നിര്‍ത്താനുള്ള ഒരു രാഷ്ട്രീയ കളിയാണ് നടന്നിട്ടുള്ളത്. സാമ്പത്തിക സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്നിരിക്കെ സര്‍ക്കാര്‍ സര്‍വീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയ സവര്‍ണ സംവരണം നിയമവിരുദ്ധമാണ്. സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന ഇന്ദിരാ സാഹ്നി കേസിലെ ഉത്തരവ് പുനപരിശോധിക്കേണ്ടതില്ലെന്ന സുപ്രീം കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണഘടനാവിരുദ്ധമായ സവര്‍ണ സംവരണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it