Latest News

ലക്ഷദ്വീപ് നിവാസികളുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുക: എസ് യുസിഐ(കമ്മ്യൂണിസ്റ്റ്)

ലക്ഷദ്വീപ് നിവാസികളുടെ പ്രക്ഷോഭത്തെ പിന്തുണയ്ക്കുക: എസ് യുസിഐ(കമ്മ്യൂണിസ്റ്റ്)
X

തിരുവനന്തപുരം: പ്രഫുല്‍ പട്ടേല്‍ എന്ന മോദി വിശ്വസ്തന്‍ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ നാള്‍ മുതല്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങളാല്‍ പൊറുതി മുട്ടിയ ലക്ഷദ്വീപ് ജനതയുടെ ന്യായമായ സമരത്തെ പിന്തുണയ്ക്കാന്‍ എസ് യുസിഐ(കമ്മ്യൂണിസ്റ്റ്) കേരള സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. കൊവിഡ് പ്രൊട്ടോക്കോളില്‍ ഇളവുകള്‍ നല്‍കി ദ്വീപിലെ കൊവിഡ് കേസുകള്‍ പൂജ്യത്തില്‍ നിന്ന് 5000ത്തില്‍ എത്താന്‍ ഇടയാക്കിയാണ് പ്രഫുല്‍ പട്ടേല്‍ തന്റെ ഭരണം ആരംഭിച്ചത്. സിഎഎ-എന്‍ആര്‍സി വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തും ഒരു തരത്തിലുള്ള കുറ്റകൃത്യങ്ങളും നടക്കാത്ത, ഒഴിഞ്ഞ ജയിലുള്ള ഇന്ത്യയിലെ ഏക പ്രദേശമായ ലക്ഷദ്വീപില്‍ ലക്ഷദ്വീപ് പ്രിവന്‍ഷന്‍ ഓഫ് ആന്റി സോഷ്യല്‍ ആക്റ്റ് അഥവാ ഗുണ്ടാ നിയമം നടപ്പാക്കിയും ജനാധിപത്യ ധ്വംസനത്തിന് നേതൃത്വം നല്‍കി.

മല്‍സ്യബന്ധന തൊഴിലാളികളായ ദ്വീപ് വാസികള്‍ തീരങ്ങളില്‍ വലയും മറ്റ് ഉപകരണങ്ങളും സൂക്ഷിക്കാനായി കെട്ടിയുണ്ടാക്കിയിരുന്ന ഷെഡ്ഡുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ പൊളിച്ചു മാറ്റി. മാത്രമല്ല ദ്വീപിലെ വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്ന തദ്ദേശീയരായ താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും ചെയ്തു. 38 അങ്കണവാടികള്‍ അടച്ചുപൂട്ടി.

ദ്വീപില്‍ മദ്യത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കി. തുടര്‍ന്ന് മാംസാഹാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മെനുവില്‍ നിന്ന് മാംസാഹാരം പൂര്‍ണമായും എടുത്തുമാറ്റപ്പെട്ടു. പശു മാംസം നിരോധിക്കാനും തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഏത് തരം മൃഗങ്ങളുടേയും കശാപ്പിന് അധികൃതരുടെ അനുവാദം വേണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു. കാലങ്ങളായി ദ്വീപ് നിവാസികളുടെ ജീവിതവൃത്തിയായിരുന്ന മൃഗപരിപാലനവും മാംസ കച്ചവടവും ഇല്ലാതാക്കുന്ന നടപടിയാണിത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ വിലക്കുന്ന നിയമഭേദഗതിയായിരുന്നു പ്രഫുല്‍ പട്ടേലിന്റെ അടുത്ത പരിഷ്‌കരണം. ഇതിനൊപ്പം ദ്വീപിനെ ആകെ തകര്‍ക്കാനിടയാക്കുന്ന വന്‍കിട ടൂറിസം പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങളും അഡ്മിനിസ്‌ട്രേഷന്‍ നടത്തിവരുന്നു. ദ്വീപിലെ ജനങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന നടപടികളാണ് ഇവ ഓരോന്നും. ദ്വീപ് നിവാസികളെ മൂലധന ശക്തികളുടെ അടിമകളാക്കുന്ന സമീപമനമാണിത്. ഈ നടപടികളെ ചെറുക്കുന്നവരെ നേരിടാനാണ് ഗുണ്ടാനിയമം നടപ്പിലാക്കുന്നത്. സ്വന്തം ജനങ്ങളുടെമേല്‍ അധിനിവേശ ശക്തിയെപ്പോലെ പെരുമാറുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവമാണ് ലക്ഷദ്വീപിലെ നടപടികളില്‍ പ്രകടമാവുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനില്‍പ്പിന് വേണ്ടി പോരടിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. അഡ്മിനിസ്‌ട്രേഷന്‍ കൈകൊണ്ട എല്ലാ ജനവിരുദ്ധ നടപടികളും പിന്‍വലിക്കണമെന്നും അഡ്മിനിസ്‌ട്രേറ്ററെ തിരികെ വിളിക്കണമെന്നും എസ്‌യുസിഐ(കമ്മ്യൂണിസ്റ്റ്) ആവശ്യപ്പെടുന്നു.

Support Lakshadweep agitation: SUCI (Communist)

Next Story

RELATED STORIES

Share it