സുള്ളി ഡീൽസ്: മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് മുപ്പതിലധികം ട്വിറ്റർ ഹാൻഡിലുകളെന്ന് പോലിസ്
മോർഫ് ചെയ്തതും ആക്ഷേപകരവുമായ രീതിയിൽ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ ഇടാനും 'സുള്ളി ഡീൽസ്' ആപ്പ് വഴി അഭിപ്രായങ്ങൾ കൈമാറാനും കുറഞ്ഞത് അഞ്ചു പേരെങ്കിലും ഈ ട്വിറ്റർ ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നതായും പോലിസ് സംശയിക്കുന്നു.
ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് വിൽപ്പനയ്ക്കു വെച്ച സുള്ളി ഡീൽസ് ആപ്പ് കേസ് അന്വേഷണത്തിൽ വ്യക്തമാവുന്നത് നിർണായക വിവരങ്ങൾ. പ്രമുഖരും അല്ലാത്തതുമായ മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ലേലത്തിനായി സാമൂഹിക മാധ്യമങ്ങളിലും ആപ്പിലും അപ്‌ലോഡ് ചെയ്യുന്നതിനായി പ്രവർത്തിക്കുന്നത് മുപ്പതിലധികം ട്വിറ്റർ ഹാൻഡിലുകളാണെന്ന് പോലിസ് കണ്ടെത്തി.
സുള്ളി ഡീൽസ് ആപ്പ് നിർമിച്ച, ഇപ്പോൾ അറസ്റ്റിലുള്ള 26കാരനായ ഇൻഡോർ സ്വദേശി ഓംകരേശ്വർ താക്കൂർ അംഗമായിരുന്ന ഈ ഗ്രൂപ്പിലെ അംഗങ്ങളെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചെന്നും ഡൽഹി പോലിസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സുള്ളി ഡീൽസ് ആപ്പ് വാർത്തകളിൽ ഇടംപിടിച്ചതോടെ താക്കൂർ തന്റെ ലാപ്‌ടോപ്പിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായും ഒഴിവാക്കി. ഇവ വീണ്ടെടുക്കുന്നതിനായി ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് പോലിസ്.
ബുള്ളി ബായ് കേസിൽ അറസ്റ്റിലായ എൻജിനീയറിങ് വിദ്യാർഥി നീരജ് ബിഷ്‌ണോയിയുടെ ഫോണുകളും ഇത്തരത്തിൽ വിശദ പരിശോധനയ്ക്ക് നാഷണൽ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധന ഫലം ലഭിക്കാൻ കാലതാമസമുള്ളതിനാൽ ട്വിറ്റർ ഹാൻഡിലുകളെ പറ്റി അന്വേഷണം നടക്കുകയാണെന്നും ഇതിൽ അംഗമായവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്വന്തമായി വെബ്‌സൈറ്റ് ഡിസൈനിങ് സ്ഥാപനം നടത്തുന്നയാളാണ് താക്കൂറെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് അമേരിക്കയിൽ നിന്ന് വരെ ക്ലയന്റുകളുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി താക്കൂറിന്റെ കുടുംബാംഗങ്ങളെയും പോലിസ് ചോദ്യം ചെയ്തു. പകൽ മുഴുവൻ ഉറങ്ങി, രാത്രി സമയം കംപ്യൂട്ടറുമായി ജോലിയിൽ മുഴുകുന്ന പതിവായതിനാൽ താക്കൂറിന്റെ പ്രവൃത്തിയെ കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്ന് പിതാവ് മൊഴി നൽകി. അമേരിക്കൻ സമയവുമായി പൊരുത്തപ്പെട്ടു പോവേണ്ടതിനാലാണ് താൻ രാത്രി ജോലി ചെയ്യുന്നതെന്നാണ് താക്കൂർ ഇതിനു നൽകിയിരുന്ന വിശദീകരണമെന്നും പിതാവ് പറഞ്ഞു.
താക്കൂറും ബിഷ്‌ണോയിയും തങ്ങളുടെ പ്രവർത്തനങ്ങളിൽ ഖേദിക്കുന്നില്ലെന്ന് പറഞ്ഞ പോലിസ് ഉദ്യോഗസ്ഥൻ, താക്കൂറിന് ചില സംഘടനകളുമായി ബന്ധമുണ്ടെന്നും വ്യക്തമാക്കി. ഹിന്ദുമതത്തിന്റെ തകർച്ച തടഞ്ഞ്, പാരമ്പര്യ സംസ്‌കാരത്തിലേക്ക് രാജ്യത്തെ നയിക്കുന്നതിന് ചർച്ചകൾ നടത്തുന്ന ഗ്രൂപ്പുകളിൽ താക്കൂറും ബിഷ്‌ണോയിയും അംഗമായിരുന്നു.'ഹിന്ദുമതത്തിന്റെ തകർച്ച' തടയാൻ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ, അവർ ട്വിറ്ററിൽ വിവിധ അജ്ഞാത ഹാൻഡിലുകൾ സൃഷ്ടിക്കുകയും അവരുടെ ഐഡന്റിറ്റി മറയ്ക്കാൻ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വെർച്വൽ പ്രെെവറ്റ് നമ്പർ (വിപിഎൻ) ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു.
മോർഫ് ചെയ്തതും ആക്ഷേപകരവുമായ രീതിയിൽ മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ ഇടാനും 'സുള്ളി ഡീൽസ്' ആപ്പ് വഴി അഭിപ്രായങ്ങൾ കൈമാറാനും കുറഞ്ഞത് അഞ്ചു പേരെങ്കിലും ഈ ട്വിറ്റർ ഹാൻഡിലുകൾ ഉപയോഗിച്ചിരുന്നതായും പോലിസ് സംശയിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭിക്കുമെന്നും പോലിസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
RELATED STORIES
വീട്ടുവാടകയ്ക്ക് 18 ശതമാനം ജിഎസ്ടി; ബാധകമാവുക ആര്ക്കെല്ലാം ?
12 Aug 2022 3:10 PM GMTബിസിനസ് വ്യാപിപ്പിക്കാന് ഒരുങ്ങി ലുലുഗ്രൂപ്പ്; ഇന്ത്യയില് പുതുതായി...
6 Aug 2022 12:39 PM GMTസ്മാര്ട്ട്, പ്രീമിയം സ്വിച്ച് ശ്രേണി 'സിഗ്നിയ ഗ്രാന്ഡ്'...
5 Aug 2022 1:38 PM GMTഎസ്ബിഐ സെര്വര് തകരാറിലായി; യുപിഐ പണമിടപാടുകള് തടസ്സപ്പെട്ടു
5 Aug 2022 9:30 AM GMTനോക്കിയ 8210 4ജി ഇന്ത്യയില് അവതരിപ്പിച്ചു
5 Aug 2022 4:41 AM GMTകേരളത്തിലെ ഉപഭോക്താക്കള്ക്ക് ഓണം ഓഫറുകളുമായി ടാറ്റ മോട്ടോഴ്സ്
4 Aug 2022 4:52 PM GMT