Latest News

നിരന്തര ഭീഷണി; മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

വിദ്വേഷകാരണം തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയത്. ദേല്‍ക്കറുടെ കോളജ് വിട്ടുകൊടുക്കണമെന്നും പട്ടേല്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകന്‍ അഭിനവ് ദേല്‍ക്കര്‍

നിരന്തര ഭീഷണി; മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി
X

തിരുവനന്തപുരം: ദാദ്ര നഗര്‍ ഹവേലി എംപിയും പട്ടികവര്‍ഗക്കാരനുമായമോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി.

ദാദ്ര നഗര്‍ ഹവേലിയില്‍ നിന്നും ഏഴ് തവണ വിവിധ പാര്‍ട്ടികളില്‍ നിന്നായി വിജയിച്ചിട്ടുള്ള മോഹന്‍ ദേല്‍കര്‍ കഴിഞ്ഞ തവണ സിറ്റിങ് എംപിയായ ബിജെപി നേതാവ് പട്ടേല്‍ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷമുണ്ടാവാന്‍ കാരണമായെന്ന് പരാതിയില്‍ പറയുന്നു. ബിജെപി നേതാവായിരുന്ന ദാദ്രിയിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മോഹന്‍ ദേല്‍ക്കറിനോട്വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയില്‍ കുറ്റപ്പെടുത്തി.

2021 ഫെബ്രുവരി 22നാണ് മോഹന്‍ ദേല്‍ക്കര്‍ ബോംബെ മറൈന്‍ ഡ്രൈവിനടുത്തുള്ള ഹോട്ടല്‍ സൗത്ത് ഗ്രീന്‍ ഹൗസില്‍ ആത്മഹത്യ ചെയ്തത്.അദ്ദേഹം മരണസമയത്ത് എഴുതിവെച്ച 15 പേരുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെയും ദാദ്ര നഗര്‍ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തന്റെ ആത്മഹത്യക്ക് കാരണക്കാരായി പറയുന്നുണ്ട്. മോഹന്‍ ദേല്‍കര്‍ ആത്മഹത്യക്ക് ബോംബെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന് എളുപ്പം നീതി കിട്ടും എന്നുള്ള പ്രതീക്ഷ കൊണ്ടാണെന്ന് മകന്‍ അഭിനവ് ദേല്‍ കര്‍ മൊഴിനല്‍കിയിരുന്നു. ബിജെപി സ്വാധീനമുള്ള ഭരണകൂടങ്ങളില്‍ നിന്നും തനിക്ക് നീതി നിഷേധിക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും മറൈന്‍ ഡ്രൈവ് പോലിസ് സ്‌റ്റേഷനില്‍ 306, 506, 389 120 (യ) എന്നീ വകുപ്പുകള്‍ പ്രകാരവും 1989ലെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ 3(1), 3(1), 3(2)(2) , 3(2) (5എ) വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു .

എന്നാല്‍ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ പ്രതികളില്‍ ഒരാളെപ്പോലും ചോദ്യം ചെയ്യുകയോ തെളിവ് ശേഖരണം നടത്തുകയോ ചെയ്തിട്ടില്ല. മോഹന്‍ ദേല്‍കറിന്റെ മകനായ അഭിനവ്ദേല്‍ക്കര്‍ പോലിസിന് നല്‍കിയ മൊഴിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ തന്റെ പിതാവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും 1985ലെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനനിരോധന നിയമ (പിഎഎസ്എ) പ്രകാരം മോഹന്‍ ദേല്‍ക്കറിനെതിരെ കേസെടുത്ത് ജയിലിലടക്കാതിരിക്കണമെങ്കില്‍ 25 കോടി ആവശ്യപ്പെട്ടുവെന്നും ആരോപിച്ചിരുന്നു. മോഹന്‍ ദേല്‍കറിന്റെ ഉടമസ്ഥതയിലുള്ള എസ്എസ്ആര്‍ കോളജിന്റെ നിയന്ത്രണം അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നവര്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടതുംമരണകാരണമായതായി മകന്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നു.

തന്റെപരാതിയില്‍ ഒന്‍പത് പേരെയാണ് അഭിനവ് ദേല്‍കര്‍ എടുത്തു പറഞ്ഞത്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോഡാ പട്ടേലിനു പുറമേ ജില്ലാ കലക്ടര്‍ സന്ദീപ് സിങ്, ജില്ലാ പോലിസ് സൂപ്രണ്ട് ശരത് ധാരഡെ, ഡെപ്യൂട്ടി കലക്ടര്‍ അപൂര്‍വ്വ ശര്‍മ, സബ് ഡിവിഷണല്‍ ഓഫിസര്‍ മാനസി ജയിന്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ മനോജ് പട്ടേല്‍, രോഹിത് യാദവ്, ഫത്തേ സിങ് ചൗഹാന്‍, ദിലീപ് പട്ടേല്‍ എന്നിവരുടെ പേരുകള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരാളെപ്പോലും ഇതേവരേ ചോദ്യം ചെയ്തിട്ടില്ല.

തനിക്ക് ദാദ്ര നഗര്‍ ഹവേലി ഭരണകൂടത്തില്‍നിന്ന് നേരിടുന്ന അപമാനകരമായ പെരുമാറ്റങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചുംമോഹന്‍ ദേല്‍കര്‍ പലതവണ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലോ്ക്‌സഭ സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു. ഇത്തരമൊരു കത്തില്‍ തനിക്ക് ഒന്നുകില്‍ ലോക്‌സഭയില്‍ നിന്നും രാജിവെക്കുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ അല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് മോഹന്‍ ദേല്‍കര്‍ എഴുതിയിരുന്നു.

പ്രഫുല്‍ കോഡാ പട്ടേല്‍ അടക്കമുള്ള പ്രതികള്‍ക്കെതിരേ ആത്മഹത്യാ കുറിപ്പ് അടക്കമുള്ള ശക്തമായ തെളിവുകളുണ്ടായിട്ടും മഹാരാഷ്ട്ര പ്രത്യേക പോലിസ് അന്വേഷണസംഘം മെല്ലെപ്പോക്ക് തുടരുകയാണെന്ന് പരാതിയില്‍ ആരോപിച്ചു. ഇതേവരെ രണ്ടുതവണ അന്വേഷണസംഘം ദാദ്ര നഗര്‍ ഹവേലി സന്ദര്‍ശിച്ചെങ്കിലും ഒരാളെപ്പോലും ചോദ്യം ചെയ്യാനോ തെളിവ് ശേഖരിക്കാനോ സാധിച്ചിട്ടില്ല. ഏഴ് തവണ പാര്‍ലമെന്റംഗമായ വ്യക്തിക്ക് പോലും ഉന്നതരില്‍ നിന്ന് ജാതി പീഡനം നേരിടുന്നുവെങ്കില്‍ അത് സമൂഹത്തെ ഞെട്ടിക്കുന്നതും കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യമുള്ളതുമായ വിഷയമാണെന്ന് പരാതിയില്‍ ഉന്നയിക്കുന്നു.

മോഹന്‍ ദേല്‍ക്കറുടെ ആത്മഹത്യാ കേസില്‍ കുറ്റാരോപിതരായ വ്യക്തികള്‍ ഉന്നതരായതിനാല്‍ മുംബൈ ഹൈക്കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ സിബിഐയോ കേസ് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാണ് സലീം മടവൂര്‍ ചീഫ് ജസ്റ്റിസിനു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

ഇതേ ആവശ്യമുന്നയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിലെ അഭിഭാഷകരുമായി സംസാരിച്ചുവെന്നും കത്ത് പരിഗണിക്കുന്നില്ലെങ്കില്‍ അഭിഭാഷകര്‍ മുഖേന പൊതുതാല്‍പര്യ ഹരജി നല്‍കുമെന്നും സലീം മടവൂര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it