Latest News

ആനക്കയം ജലവൈദ്യുത പദ്ധതിക്കെതിരെ നവംബര്‍ 18ന് സംസ്ഥാനതല പ്രതിഷേധം

ആനക്കയം ജലവൈദ്യുത പദ്ധതിക്കെതിരെ നവംബര്‍ 18ന് സംസ്ഥാനതല പ്രതിഷേധം
X

മാള(തൃശൂര്‍): കെഎസ്ഇബിയുടെ ആനക്കയം ജലവൈദ്യുത പദ്ധതിക്കെതിരെ ഈമാസം 18ന് ബുധനാഴ്ച സംസ്ഥാനതല പ്രതിഷേധം നടക്കും. മാള, കൊമ്പൊടിഞ്ഞാമാക്കല്‍ കെ എസ് ഇ ബി ഓഫിസുകള്‍ക്ക് മുമ്പില്‍ രാവിലെ 10 മുതലാണ് പ്രതിഷേധ ധര്‍ണ്ണ. ആനക്കയം കാടുകള്‍ നിലനിര്‍ത്തുന്നതിനും ആദിവാസികളുടെ വനാവകാശം സംരക്ഷിക്കുന്നതിനുമായി ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നാണ് ആവശ്യം.

പ്രളയാനന്തരകേരളം ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതിക ജാഗ്രത ആവശ്യപ്പെടുന്ന സമയമാണിത്. എന്നാല്‍ തികച്ചും അനാവശ്യവും എല്ലാ നിലക്കും നഷ്ടമുണ്ടാക്കുന്നതുമായ ഒരു പദ്ധതിക്ക് സര്‍ക്കാര്‍ ശ്രമം നടത്തുകയാണ്. പറമ്പിക്കുളം കടുവാസങ്കേതത്തിന്റെ കരുതല്‍ മേഖലയില്‍ പെടുന്ന പരിസ്ഥിതി ലോല പ്രദേശത്തെ 20 ഏക്കര്‍ കാടാണ് മുറിച്ചുമാറ്റാന്‍ പോകുന്നത്. രണ്ടായിരത്തോളം വലിയ മരങ്ങളും അസംഖ്യം ചെറുവൃക്ഷങ്ങളും മരണവാറന്റിന്റെ നിഴലിലാണ്. കടുവയും ആനയും വേഴാമ്പലും ഉള്‍പ്പെടെ നിരവധി വനജീവികളുടെ വിഹാരകേന്ദ്രമാണ് ആനക്കയം. 2018ല്‍ വലിയ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളുമുണ്ടായ ഇടത്താണ് 3.65 മീറ്റര്‍ വ്യാസത്തിലും 5.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലും തുരങ്കമുണ്ടാക്കി പദ്ധതി നടപ്പാക്കുന്നത്. മരങ്ങള്‍ മുറിച്ചുമാറ്റി സ്‌ഫോടനത്തിലൂടെ മല തുരക്കുന്നത് ദുരന്തസാധ്യതാ മേഖലയായ ഇവിടേക്ക് പുതിയ ദുരന്തങ്ങളെ വിളിച്ചു വരുത്തലാണ്. ആദിവാസികള്‍ക്ക് വനാവകാശം ലഭിച്ച വാഴച്ചാല്‍ വനം ഡിവിഷനില്‍ ഉള്‍പ്പെടുന്ന ആനക്കയത്തിന്റെ സംരക്ഷണവും പരിപാലനവും അവരുടെ അവകാശവും ഉത്തരവാദിത്തവുമാണെന്നിരിക്കെ അവരുടെ അനുമതിയോ സമ്മതമോ ഇല്ലാതെ കാട് വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത് അങ്ങേയറ്റത്തെ നിയമ വിരുദ്ധതയാണ്, നീതി നിഷേധമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നു.

ആദിവാസി ഊരുകൂട്ടങ്ങള്‍ പദ്ധതിക്കെതിരെയുള്ള തങ്ങളുടെ വിയോജിപ്പ് രേഖാമൂലം അറിയിച്ചിരുന്നു. അത് മറികടന്നാണ് കെഎസ്ഇബിയുടെ നീക്കം. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാണെന്നിരിക്കെ 150 കോടി മുടക്കി കാടുമുടിച്ച്, കാടരുടെ അവകാശം നിഷേധിച്ച് വില കൂടിയ വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ശ്രമിക്കുന്നത് പൊതുപണത്തിന്റെ ദുരുപയോഗവും അനീതിയുമാണെന്നും സമരത്തിന് നേതൃത്വം കൊടുക്കുന്ന ജനകീയ സമരസമിതി പറയുന്നു. ആനക്കയം പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നത് വരെ സമരത്തില്‍ തുടരാനാണ് സമര സമിതിയുടെ തീരുമാനം.

നൂറിലധികം സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പാരിസ്ഥിതിക മനുഷ്യാവകാശ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമര രംഗത്തെത്തിക്കഴിഞ്ഞു. നവംബര്‍ 18 ന് കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 200 ലേറെ ഇടങ്ങളില്‍ കെ എസ് ഇ ബി ഓഫിസുകള്‍ക്ക് മുന്നിലും സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നിലും പാതയോരങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധ സമരങ്ങള്‍ നടക്കും.

സമരത്തിന്റെ ഭാഗമായി മാളയിലെയും കൊമ്പൊടിയിലെയും കെഎസ്ഇബി ഓഫിസുകള്‍ക്ക് മുമ്പില്‍ 18 ബുധന്‍ രാവിലെ 10 മണി മുതല്‍ പ്രതിഷേധ ധര്‍ണ്ണ നടക്കുമെന്നും ആനക്കയം പദ്ധതിക്കെതിരായ ജനകീയ സമര സമിതി അറിയിച്ചു.

Next Story

RELATED STORIES

Share it