Latest News

കശുവണ്ടി വ്യവസായത്തിന് കേന്ദ്ര പദ്ധതിയില്‍ പ്രത്യേക പരിഗണന: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ധനമന്ത്രിയുടെ ഉറപ്പ്

കശുവണ്ടി വ്യവസായത്തിന് കേന്ദ്ര പദ്ധതിയില്‍ പ്രത്യേക പരിഗണന: എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ധനമന്ത്രിയുടെ ഉറപ്പ്
X

ന്യൂഡല്‍ഹി: സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കുളളള 20,000 കോടി രൂപയുടെ കേന്ദ്ര പദ്ധതിയില്‍ കശുവണ്ടി വ്യവസായത്തിന് പ്രത്യേക പരിഗണന നല്‍കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഉറപ്പ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. 2014 മുതലുളള കശുവണ്ടി വ്യവസായ മേഖലയിലെ എന്‍.പി.എ. വായ്പകള്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ആശ്വാസം അനുവദിക്കണമെന്ന നിര്‍ദേശം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. കേന്ദ്ര പാക്കേജില്‍ കശുവണ്ടി മേഖലയ്ക്കായി പ്രത്യേക പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. 25 കോടി രൂപ വരെ അടിസ്ഥാന വായ്പയുളള കശുവണ്ടി വ്യവസായങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, 60% അടിസ്ഥാന വായ്പയും പലിശയും പിഴപലിശയും ഒഴിവാക്കി വായ്പകള്‍ പുനക്രമീകരിക്കുക, കശുവണ്ടി വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി ഏറ്റവും കുറഞ്ഞ പലിശയില്‍ പ്രവര്‍ത്തന മൂലധനവായ്പ അനുവദിക്കുക, കശുവണ്ടി മേഖലയ്ക്കായി 2000 കോടി രൂപയുടെ പ്രത്യേക പദ്ധതി തുടങ്ങി ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കി.

834 രജിസ്റ്റര്‍ ചെയ്ത കശുവണ്ടി ഫാക്ടറികളില്‍ 700 എണ്ണവും അടഞ്ഞു കിടക്കുന്ന ഗുരുതരമായ പ്രതിസന്ധിയാണ് കശുവണ്ടിമേഖല നേരിടുന്നത്. 185 ഓളം ഫാക്ടറികള്‍ എന്‍.പി.എ ആയിട്ടുളളതും 75 എണ്ണം എന്‍.പി.എ യിലേയ്ക്ക് നീങ്ങികൊണ്ടിരിക്കുന്നതുമാണ്. ഈ അവസരത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സ്ത്രീ കശുവണ്ടി തൊഴിലാളികളുടെ ഉപജീവനം വഴി മുട്ടുമെന്നും അതു ഒട്ടേറെ സാമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നതുമാണ്. കശുവണ്ടി വ്യവസായത്തെ സംരക്ഷിച്ച് തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it