Latest News

പ്രധാനമന്ത്രിയോട് പാര്‍ലമെന്റില്‍ വരരുതെന്ന് പറഞ്ഞത് താനെന്ന് സ്പീക്കര്‍ ഓം ബിര്‍ള

പ്രധാനമന്ത്രിയോട് പാര്‍ലമെന്റില്‍ വരരുതെന്ന് പറഞ്ഞത് താനെന്ന് സ്പീക്കര്‍ ഓം ബിര്‍ള
X

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിനെതിരേ ഗുരുതര ആരോപണവുമായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കാത്തത് തന്റെ നിര്‍ദേശം മൂലമെന്ന് ഓം ബിര്‍ള. കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിക്കാന്‍ സാധ്യതയുണ്ട് എന്ന വിവരം ലഭിച്ചതിനാല്‍ പ്രധാനമന്ത്രിയോട് താന്‍ വരേണ്ടെന്ന് പറഞ്ഞതായും അതിനാലാണ് മറുപടി പ്രസംഗം ഇല്ലാതെ പോയതെന്നും ഓം ബിര്‍ള പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലോക്സഭ വീണ്ടും ചേര്‍ന്നതിനു പിന്നാലെയാണ് സ്പീക്കറുടെ പരാമര്‍ശം. പിന്നാലെ സഭ പിരിയുകയായിരുന്നു.

ലോക്‌സഭയില്‍ കഴിഞ്ഞ ദിവസം അഞ്ച് മണിക്കായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ നരവനെയുടെ പുസ്തകം ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ പ്രതിഷേധം മൂലം നന്ദിപ്രമേയം പാസാക്കി സഭ പിരിയുകയായിരുന്നു. കോണ്‍ഗ്രസ് വനിതാ എംപിമാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് മുന്‍പില്‍ പ്രതിഷേധിച്ചിരുന്നു. 'ശരിയെന്ന് തോന്നുന്നത് ചെയ്യുക' എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഇത് താന്‍ നേരത്തെ അറിഞ്ഞുവെന്നും അതിനാലാണ് മോദിയോട് താന്‍ വരേണ്ടെന്ന് പറഞ്ഞതെന്നുമായിരുന്നു ഓം ബിര്‍ളയുടെ വിശദീകരണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടഞ്ഞിരുന്നുവെങ്കില്‍ അത് ജനാധിപത്യത്തിന് നിരക്കാത്ത കാര്യമായേനെ എന്നും അതിനാലാണ് താന്‍ അത്തരത്തില്‍ നിര്‍ദേശിച്ചത് എന്നും ഓം ബിര്‍ള കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത വിഷയം രാജ്യസഭയിലും പ്രതിപക്ഷം ഉന്നയിച്ചു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചു. എന്നാല്‍ ഇവരോട് സഭയ്ക്കുള്ളില്‍ മര്യാദയോടെ പെരുമാറണമെന്നും അത് എല്ലാവരുടേയും ഉത്തരവാദിത്തമാണെന്നും സ്പീക്കര്‍ സി പി രാധാകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയം ലോക്സഭ പാസാക്കി. ലോക്സഭ നാളെ രാവിലെ 11 മണിവരെ പിരിഞ്ഞു. രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.

മേജര്‍ മനോജ് മുകുന്ദ് നരവനെയുടെ പുസ്തകത്തിലെ ഉള്ളടക്കം വായിക്കാന്‍ ശ്രമിച്ച ഖര്‍ഗയെ സ്പീക്കര്‍ ഇടപെട്ട് തടഞ്ഞു. ഇത് പ്രധാനമന്ത്രിയെ അപമാനിക്കാനുള്ള ശ്രമമാണെന്നായിരുന്നു ഇതിനോടുള്ള നദ്ദയുടെ പ്രതികരണം. ഭരണപക്ഷം മോദിയുടെ കരാര്‍ തൊഴിലാളികളെന്നും, ആള്‍ക്കൂട്ട മര്‍ദ്ദനത്തെയും ബലാല്‍സംഗത്തേയും പിന്തുണയ്ക്കുന്നവരെന്നും ഖര്‍ഗെ പറഞ്ഞു. കോണ്‍ഗ്രസിനെതിരേ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും രൂക്ഷ പ്രതികരണം നടത്തി. കേരളത്തില്‍ ഒരു അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തു ചെയ്തെന്ന് നിര്‍മല സീതാരാമന്‍ ചോദിച്ചു. പ്രതിപക്ഷത്തിനെതിരേ ഭരണപക്ഷത്തിന്റെ ആള്‍ക്കൂട്ട അതിക്രമമെന്ന് ഖര്‍ഗെ തിരിച്ചടിച്ചു. പിന്നാലെ ഖര്‍ഗെയുടെ പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

ഇതിനിടെ ലോക്സഭയിലെ വിഷയങ്ങള്‍ രാജ്യസഭയില്‍ ഉയര്‍ത്താനാകില്ലെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ വ്യക്തമാക്കി. ലോക്സഭയിലെ വിഷയങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കാമെന്നും ലോക്സഭയും രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്റെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിയായ മല്ലികാര്‍ജുന്‍ ഖര്‍ഗെ എംപി മറുപടി നല്‍കിയത്. പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്ത വിഷയം ഖര്‍ഗെ രാജ്യസഭയില്‍ അവതരിപ്പിച്ചു. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ബിജെപിയിലെ അവസ്ഥ എന്താണെന്നും അവിടെ എന്ത് അഭിപ്രായ സ്വാതന്ത്ര്യമാണ് ഉള്ളതെന്നും ചോദിച്ച ഖര്‍ഗെ, നെഹ്റു ഏറ്റവും വലിയ ജനാധിപത്യവാദിയാണെന്നും ബിജെപി നേതാക്കളെ പോലെ അല്ലെന്നും പറഞ്ഞു.

Next Story

RELATED STORIES

Share it