Latest News

ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് ഉപയോഗിക്കുന്നു; രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍

പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുള്ള പ്രചരണത്തില്‍ അതിയായ ദുഃഖമുണ്ട്

ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് ഉപയോഗിക്കുന്നു; രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍
X

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിലെ ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിക്കുന്നവെന്ന് രാജിവെച്ച മന്ത്രി സജി ചെറിയാന്‍. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പാരമര്‍ശിച്ചത്. ഇടതുപക്ഷ മുന്നണിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നയസമീപനങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. താന്‍ ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

'പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ ജൂലൈ 3, 2022ന് സിപിഎമ്മിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രസംഗിക്കുമ്പോള്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍.

ഞാന്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം നമ്മുടെ ഭരണഘടന ഇന്ന് നേരിടുന്ന അസാധാരണമായ വെല്ലുവിളികള്‍ക്കെതിരായി അതിശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള പ്രയത്‌നത്തിലാണ്. നിയമപരമായും രാഷ്ട്രീയമായുമുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചാണ് ഞങ്ങള്‍ മതനിരപേക്ഷജനാധിപത്യഫെഡറല്‍ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമകരമായ പ്രയത്‌നത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇതിനായി നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ ശാക്തീകരിക്കപ്പെടണമെന്ന കാര്യത്തില്‍ സുചിന്തിതമായ അഭിപ്രായമാണ് സിപിഎം എന്ന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എനിക്കുള്ളത്. ഭരണഘടനാ സംരക്ഷണം പ്രധാന രാഷ്ട്രീയ ഉത്തരവാദിത്വമായി ഏറ്റെടുത്തവരാണ് സിപിഎമ്മും ഇടതുപക്ഷവും.

സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏഴര ദശാബ്ദ കാലയളവില്‍ പല ഘട്ടങ്ങളിലും ഭരണഘടനയില്‍ വിഭാവനം ചെയ്തിട്ടുള്ള ജനാധിപത്യവും പൗരസ്വാതന്ത്ര്യങ്ങളും മാത്രമല്ല, സാമ്പത്തിക നീതിക്കുവേണ്ടിയുള്ള ലക്ഷ്യങ്ങളും അട്ടിമറിക്കപ്പെട്ടതായി നമ്മള്‍ കണ്ടതാണ്. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നീക്കങ്ങളെ ചെറുക്കുന്നതില്‍ ഞാനുള്‍പ്പെടുന്ന പ്രസ്ഥാനം അഭിമാനാര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്; ഇപ്പോഴും വഹിച്ചുകൊണ്ടിരിക്കുന്നത്. 1975-77 ലെ അടിയന്തരാവസ്ഥ, 2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി, വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അനുച്ഛേദം 370 റദ്ദാക്കുകയും ജമ്മുകാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത നടപടികള്‍ എന്നിവയ്‌ക്കെതിരെയെല്ലാം ഉള്ള ജനകീയ സമരങ്ങളില്‍ എന്റെ പ്രസ്ഥാനം മുന്‍പന്തിയില്‍ നിന്നിട്ടുണ്ട്. കോണ്‍ഗ്രസ്സും ഇന്നത്തെ ഭരണകക്ഷിയായ ബിജെപിയും ഭരണഘടനയുടെ അന്തഃസത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പല ഘട്ടങ്ങളിലും പരാജയപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ തിരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടുന്നത് ഇവര്‍ വ്യാപകമായി നടപ്പാക്കി. 1959ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഈ രീതിയിലാണ് പിരിച്ചുവിട്ടത്. മതനിരപേക്ഷ മൂല്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി വളരെ കടുത്തതാണ്. ഏറ്റവും ഒടുവില്‍ ഗുജറാത്ത് കലാപത്തിന് ഉത്തരവാദികളായവരെ തുറന്നുകാട്ടാന്‍ ശ്രമിച്ചവര്‍ക്കെതിരെ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളും നാം കാണുകയാണ്.

ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഞാന്‍ എന്റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയില്‍ തന്നെ വ്യക്തമാക്കിയതാണ്.

എന്നിരിക്കിലും ഞാന്‍ പറഞ്ഞ ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂര്‍ നീണ്ട എന്റെ പ്രസംഗത്തിലെ ഏതാനും ചില ഭാഗങ്ങള്‍ അടര്‍ത്തി മാറ്റിയാണ് ഈ ദുഷ്പ്രചരണം നടത്തുന്നത്. ഇത് സിപിഎമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും സംസ്ഥാന സര്‍ക്കാരും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നയസമീപനങ്ങളെ ദുര്‍ബ്ബലപ്പെടുത്താന്‍ എന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള പ്രചരണം ഉത്തരവാദപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നില്‍ അതിയായ ദുഃഖം ഉണ്ടാക്കുന്നുണ്ട്. ഞാന്‍ ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

എന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ചുള്ള നിയമവശങ്ങളെപ്പറ്റി ബഹു. മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം തേടിയിട്ടുള്ളതായും ഞാന്‍ മനസ്സിലാക്കുന്നു. ആ സാഹചര്യത്തില്‍ സ്വതന്ത്രമായ തീരുമാനമെടുക്കുന്നതിന് ഞാന്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന അഭിപ്രായമാണുള്ളത്.

അതിനാല്‍, ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണ്. എന്റെ രാജിക്കത്ത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് എന്റെ പ്രസ്ഥാനം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ഞാന്‍ തുടര്‍ന്നും സജീവമായി ഉണ്ടായിരിക്കും എന്നുകൂടി പറയാന്‍ ആഗ്രഹിക്കുന്നു'.

Next Story

RELATED STORIES

Share it