Latest News

പൗരത്വ നിയമത്തിനനുകൂലമായി വീഡിയോ പുറത്തിറക്കിയ ജഗ്ഗി വാസുദേവ് വെട്ടില്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നു

ശബ്ദകോലാഹലങ്ങളൊന്നും ഉണ്ടാക്കാതെ പുറത്തുവന്ന പൗരത്വ നിയമ അനുകൂല വീഡിയോ കനമുള്ള തലക്കെട്ടോടെ മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ജനശ്രദ്ധയിലെത്തുന്നതും ചര്‍ച്ചയ്ക്കു വിധേയമാകുന്നതും.

പൗരത്വ നിയമത്തിനനുകൂലമായി വീഡിയോ പുറത്തിറക്കിയ ജഗ്ഗി വാസുദേവ് വെട്ടില്‍; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുന്നു
X

ലഖ്‌നോ: 22 മിനിറ്റ് വീഡിയോയിലൂടെ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ജനങ്ങളെ പ്രബുദ്ധരാക്കാനിറങ്ങിയ സദ്ഗുരു ജഗ്ഗി വാസുദേവ് വെട്ടിലായി. സോഷ്യല്‍ മീഡിയയാണ് ജഗ്ഗി വാസുദേവിനെ പരിഹസിച്ച് രംഗത്തുവന്നത്. ശബ്ദകോലാഹലങ്ങളൊന്നും ഉണ്ടാക്കാതെ പുറത്തുവന്ന പൗരത്വ നിയമ അനുകൂല വീഡിയോ കനമുള്ള തലക്കെട്ടോടെ മോദി ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെയാണ് ജനശ്രദ്ധയിലെത്തുന്നതും വ്യാപക ചര്‍ച്ചയ്ക്കു വിധേയമാകുന്നതും. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായ തരംഗം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുകൂല എന്‍ജിഒകളും മാധ്യമങ്ങളും നടത്തിയ ശ്രമങ്ങളും ഇതോടെ പുറത്തുന്നു.

ജഗ്ഗി വാസുദേവ് എന്നും ആരാധകര്‍ക്കിടയില്‍ സദ്ഗുരു എന്നും അറിയപ്പെടുന്ന ജഗ്ഗി ലോകമാസകലം യോഗ പ്രോഗ്രാമുകള്‍ നടത്തുന്ന ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനാണ്. ആരോഗ്യം, മതം, ആത്മീയത തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം എഴുതിയ പല പുസ്തകങ്ങളും ബെസ്റ്റ് സെല്ലറുകളാണ്. വിദ്യാര്‍ത്ഥികളുമായി നടത്തുന്ന ചോദ്യോത്തര പരിപാടിയും അതിന്റെ വീഡിയോയും ആരാധകര്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ്.

ഡിസംബര്‍ 23 നാണ് പൗരത്വ നിയമത്തെ കുറിച്ചുള്ള സാമാന്യം ദീര്‍ഘമായ വീഡിയോ ജഗ്ഗി വാസുദേവ് പുറത്തുവിടുന്നത്. ലഖ്‌നോവിലെ ഒരു യുവതി സദ്ഗുരുവിനോട് പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരു ചോദ്യം ഉന്നയിക്കുന്നു. നിയമം താന്‍ വായിച്ചില്ലെന്ന് പറഞ്ഞ് തുടങ്ങിയ സദ്ഗുരു നിയമം വായിക്കാതെയാണ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ പൗരത്വ നിയമത്തിനെതിരേ സമരരംഗത്തിറങ്ങിയതെന്ന് ആക്ഷേപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കം നടത്തുന്നു. സര്‍ക്കാരിനാകട്ടെ ചെറിയ ഈ പ്രശ്‌നം ശരിയായ രീതിയില്‍ പരിഹരിക്കാനും കഴിഞ്ഞില്ല- സദ്ഗുരു വീഡിയോയില്‍ അവകാശപ്പെട്ടു.


ചരിത്രപരമായും നിയമപരമായും കൃത്യതയോടെ സദ്ഗുരു നിയമം വിശദീകരിക്കുന്നുവെന്ന മുഖവുരയോടെ മോദി ഇതേ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ അതിനെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. നിയമം വായിച്ചുനോക്കാതെ 22 മിനിറ്റ് വീഡിയോ നിര്‍മ്മിച്ചതിനെ വിമര്‍ശകര്‍ ചോദ്യം ചെയ്തു. സ്വയം വായിച്ചുനോക്കാതെ വീഡിയോ നിര്‍മ്മിച്ച ഒരാള്‍ക്ക് വിദ്യാര്‍ത്ഥികള്‍ വായിക്കാതെയാണ് സമരത്തിനിറങ്ങിയതെന്ന് എങ്ങനെ പറയാനാവുമെന്നും സോഷ്യല്‍ മീഡിയ ചോദിച്ചു.

ഈ നിയമം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് ഒരു ദോഷവുമുണ്ടാക്കില്ലെന്ന വാദത്തെയും രാഷ്ട്രീയക്കാര്‍ വോട്ട്ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി നിരക്ഷരരായ മുസ്ലിംങ്ങളെ വഴിതെറ്റിക്കുകയാണെന്ന യുക്തിയെയും വിമര്‍ശകര്‍ ചോദ്യം ചെയ്തു. നിമയം വായിക്കാതെ അതിനെ ആധികാരികമായി വിശദീകരിക്കാനിറങ്ങിയതിനെയും സോഷ്യല്‍മീഡിയ ചോദ്യം ചെയ്തു.

ഇതിനിടയില്‍ സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനും പൗരത്വ ഭേദഗതിയെ കുറിച്ച് ഒരു അഭിപ്രായവോട്ടെടുപ്പിന് കച്ചകെട്ടിയിറങ്ങി. 63 ശതമാനം പേരും നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടതോടെ വോട്ടെടുപ്പ് അവസാനിപ്പിച്ച് ഫൗണ്ടേഷന്‍ സ്ഥലം വിട്ടു. അടുത്തത് ദൈനിക് ജാഗരണ്‍ പത്രമാണ്. നിയമഭേദഗതി വോട്ട് ബാങ്ക് ലക്ഷ്യം വച്ചാണെന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു വായനക്കാരുടെ മറുപടി.

മോദിയുടെ ഭരണം തൃപ്തികരമാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സിഎന്‍ബിസി സര്‍വ്വേയില്‍ വായനക്കാര്‍ പ്രതികരിച്ചത്. പ്രതികരണം നിയമത്തിന് എതിരായതോടെ അവരും സര്‍വ്വെ പിന്‍വലിച്ചു.




Next Story

RELATED STORIES

Share it