Latest News

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ദന്തല്‍ കോളജിലെ ആറ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ദന്തല്‍ കോളജിലെ ആറ് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
X

ബെംഗളൂരു: വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ഓക്‌സ്‌ഫോര്‍ഡ് ദന്തല്‍ കോളജിലെ ആറ് അധ്യാപകരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തു. ഓറല്‍ മെഡിസിന്‍ ആന്‍ഡ് റേഡിയോളജി വിഭാഗത്തിലെ സീനിയര്‍ ലക്ചറര്‍മാരായ അന്‍മോള്‍ റസ്ദാന്‍, ഷബാന ബാനു, ഫൈക കോല്‍ക്കര്‍, ആല്‍ബ ദിനേശ്, റീഡര്‍ സിന്ധു ആര്‍, പ്രൊഫസര്‍ സുഷ്മിനി ഹെഗ്‌ഡെ എന്നിവര്‍ക്കെതിരേയാണ് നടപടി.

കോളജിലെ മൂന്നാം വര്‍ഷ ദന്തല്‍ വിദ്യാര്‍ഥിനിയായ യശസ്വിനിയെ വെള്ളിയാഴ്ച താമസസ്ഥലത്ത് നിന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോളജ് അധികൃതര്‍ കുട്ടിയെ അപമാനിക്കുകയും മാനസിക പീഡനത്തിന് വിധേയമാക്കുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്.

മാതാപിതാക്കളായ പരിമലയുടെയും ഭൂദേവയ്യയുടെയും ഏക മകളാണ് യശസ്വിനി. കണ്ണുവേദനയെ തുടര്‍ന്ന് ബുധനാഴ്ച അവധി എടുത്തിരുന്ന വിദ്യാര്‍ഥിനി, വ്യാഴാഴ്ച കോളജില്‍ തിരിച്ചെത്തിയപ്പോള്‍ ഒരു സെമിനാറില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് അധ്യാപകര്‍ അപമാനിച്ചുവെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു.

നിറത്തിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ അധിക്ഷേപിച്ചുവെന്ന ഗുരുതര പരാതിയില്‍ കോളജ് പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. 'കറുത്ത നിറമുള്ള നീയാണോ ഡോക്ടറാകുന്നത്' എന്ന പരാമര്‍ശത്തിലൂടെ മാനസികമായി തകര്‍ത്തുവെന്നാണ് പരാതിയിലെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it