Latest News

ഐഎഫ്എഫ്‌കെയില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല: കേന്ദ്ര വിലക്കിനു വഴങ്ങി കേരളം

ആറു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കി

ഐഎഫ്എഫ്‌കെയില്‍ ആറ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കില്ല: കേന്ദ്ര വിലക്കിനു വഴങ്ങി കേരളം
X

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ ചലച്ചിത്രോത്സവത്തിലെ ആറ് ചിത്രങ്ങള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ വിലക്കിന് വഴങ്ങി കേരളം. ഓള്‍ ദാറ്റ് ലെഫ്റ്റ്‌സ് ഓഫ് യു, ക്ലാഷ്, യെസ്, ഫ്‌ലെയിംസ്, ഈഗ്ള്‍സ് ഓഫ് ദ റിപബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങള്‍ക്കാണ് വിലക്കുള്ളത്. ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ചീഫ് സെക്രട്ടറിക്ക് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നിര്‍ദേശം നല്‍കി. ഈ ചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഇളവ് അനുവദിക്കാനാകില്ലെന്നാണ് മന്ത്രാലയം അറിയിരിക്കുന്നത്. ഈ നിര്‍ദേശം ചീഫ് സെക്രട്ടറി ചലച്ചിത്ര അക്കാദമിക്ക് കൈമാറി.

നേരത്തെ എല്ലാ ചിത്രങ്ങളെയും മുന്‍ നിശ്ചയിച്ച പ്രകാരം പ്രദര്‍ശിപ്പിക്കാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര അക്കാദമിക്ക് നല്‍കിയിരുന്നു. കേന്ദ്രം വിലക്കിയ ഈഗ്ള്‍സ് ഓഫ് ദ റിപബ്ലിക്, എ പോയറ്റ് എന്നീ ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്നലെ കഴിഞ്ഞിരുന്നു. അതിനുശേഷം ഇന്നലെ രാത്രിയോടെയാണ് ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കിക്കൊണ്ടുള്ള ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതാണ് വിലക്കിനു കാരണമെന്ന് കേന്ദ്രം.

മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും 187 ചിത്രങ്ങളില്‍ 168 എണ്ണത്തിനു മാത്രമേ അനുമതി ലഭിച്ചുള്ളൂ. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ച വൈകീട്ടോടെ 19 സിനിമകളുടെ പ്രദര്‍ശനം മുടങ്ങിയത്. ഐഎഫ്എഫ്‌കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടി അപലപനീയമെന്ന് ചൂണ്ടിക്കാട്ടി നിരവധി സാംസ്‌കാരിക, സിനിമാ മേഖലയുമായി ബന്ധപ്പെട്ട സംഘടനകളും പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it