Latest News

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി: ഇടുക്കിയിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ആദരം

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി: ഇടുക്കിയിലെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് ആദരം
X

കട്ടപ്പന: ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലിയില്‍ ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. അന്തരിച്ച മുന്‍ പ്രസിഡന്റ് എം. റ്റി. തോമസിന്റെ ദീപ്ത സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചാണ് യോഗം ആരംഭിച്ചത്. ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റുമാരായ സി.കെ.കൃഷ്ണന്‍കുട്ടി, പി. പളനിവേല്‍, അഡ്വ. സുസ്മിത ജോണ്‍, അഡ്വ. അലക്‌സ് കോഴിമല എന്നിവരെ ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഫലകവും പൊന്നാടയും ഓണക്കോടിയും കൈമാറിയാണ് ആദരിച്ചത്.

മുന്‍ പ്രസിഡന്റുമാരായ പ്രൊഫ. ഷീല സ്റ്റീഫന്‍, അഡ്വ. മേരി സിറിയക്, എസ്. രാജേന്ദ്രന്‍, ലതാ രാജാജി, കൊച്ചുത്രേസ്യ പൗലോസ് എന്നിവരെ ഓണ്‍ലൈനായും ആദരിച്ചു. അധികാരവും സമ്പത്തും ഭരണകേന്ദ്രങ്ങളിലെ അകത്തളങ്ങളില്‍ കേന്ദ്രീകരിക്കാതെ സമൂഹത്തിലാകമാനം പരക്കുന്നതിനാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് രൂപം കൊടുത്തതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജനങ്ങളുടെ നികുതിപ്പണം ഏതൊക്കെ മേഖലയില്‍ വിനിയോഗിക്കണമെന്ന് സുതാര്യമായി തീരുമാനിക്കുള്ള വേദിയാണ് ജനകീയാസൂത്രണത്തിലൂടെ ലഭ്യമായത്. ഇന്ത്യയില്‍ ജനകീയ പങ്കാളിത്തത്തോടെ വികസന പ്രവര്‍ത്തനം നടക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് ഒന്നാം സ്ഥാനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ജനകീയാസൂത്രണ പ്രസ്ഥാനത്തെ വിജയിപ്പിക്കുന്നതിന് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പങ്ക് വലുതാണെന്നും പ്രസിഡന്റ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി,

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.എന്‍. മോഹനന്‍, ജോസഫ് കുരുവിള, ആശ ആന്റണി, അഡ്വ. എം. ഭവ്യ, അംഗങ്ങളായ പ്രൊഫ. എം.ജെ. ജേക്കബ്, ഇന്ദു സുധാകരന്‍, എഡിഎം ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍ സ്വാഗതവും സെക്രട്ടറി ബി. സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. മുന്‍കാല ജനപ്രതിനിധികളേയും ജനകീയാസൂത്രണ പ്രവര്‍ത്തകരേയും ആദരിക്കുന്നതും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജൂബിലി ദനത്തില്‍ തുടക്കമായത്.

Next Story

RELATED STORIES

Share it