Latest News

സിദ്ധാര്‍ത്ഥന്റെ മരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും; മാര്‍ച്ചില്‍ സംഘര്‍ഷം

സിദ്ധാര്‍ത്ഥന്റെ മരണം; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ഉന്തും തള്ളും; മാര്‍ച്ചില്‍ സംഘര്‍ഷം
X

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോളജ് കാംപസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പോലിസ് ബാരിക്കേഡ് വെച്ച് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സ്ഥലത്ത് പോലിസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലിസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വീണ്ടും അറസ്റ്റുണ്ടായി. കേസില്‍ മൂന്നുപേര്‍ കൂടിയാണ് പിടിയിലായത്. കാശിനാഥന്‍, അജയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടി പോലിസ് കസ്റ്റഡിയിലുണ്ട്. ഇവരെ പോലിസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.പത്തനംതിട്ട സ്വദേശിയാണ് അറസ്റ്റിലായ അജയകുമാര്‍. ഇയാളെ ഒളിയിടത്തില്‍ നിന്നാണ് പിടിച്ചത്. കേസിലാകെ 18 പ്രതികളാണുള്ളത്. നിലവില്‍ 11 പേരാണ് അറസ്റ്റിലായത്. ഇനി നാലു പ്രതികളെ കൂടി കിട്ടാനുണ്ട്. അതേസമയം, 4 പ്രതികള്‍ക്കായി പോലിസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കില്‍ വിസിക്ക് അപ്പീല്‍ നല്‍കാമെന്നും ആഭ്യന്തര പരാതി പരിഹാര സമിതി വ്യക്തമാക്കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it