Latest News

നിയമിതനായി മണിക്കൂറുകള്‍ക്കകം ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് ഗുലാംനബി ആസാദ്

ആരോഗ്യ കാരണങ്ങള്‍ മൂലമാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന

നിയമിതനായി മണിക്കൂറുകള്‍ക്കകം ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് ഗുലാംനബി ആസാദ്
X

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു.ജമ്മുകശ്മീരിന്റെ കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്‍മാനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് രാജി.ആരോഗ്യ കാരണങ്ങള്‍ മൂലമാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണമെങ്കിലും, സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് കാരണമെന്നാണ് സൂചന.

മുഖ്യമന്ത്രി പദവിയും, കേന്ദ്രമന്ത്രി സ്ഥാനങ്ങളും ഉള്‍പ്പടെ പാര്‍ട്ടിയുടെ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ള ആളാണ് ഗുലാം നബി ആസാദ്.ഗുലാം നബി ആസാദ് ഏറെ നാളായി പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഘടനാപരമായ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയ ജി23 നേതാക്കളുടെ സംഘത്തില്‍ പ്രധാനി കൂടിയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കെ അദ്ദേഹത്തിന് പ്രചാരണ കമ്മിറ്റി അധ്യക്ഷ സ്ഥാനം നല്‍കിയതിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

നേരത്തെ ഗുലാം നബിയുടെ അടുത്ത സഹായിയായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകം മേധാവി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ മാസമാണ് മിര്‍ സ്ഥാനമൊഴിഞ്ഞത്. പിന്നാലെ മിറിന് പകരം വികാരര്‍ റസൂല്‍ വാനിയെ അധ്യക്ഷനായും രാമന്‍ ഭല്ലയെ വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ച് സോണിയാ ഗാന്ധി ഉത്തരവിറക്കുകയും ചെയ്തു. പുനസംഘടനയുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തിന്റെ വാദം.ഇതിന് തൊട്ടു പിന്നാലെയാണ് ഗുലാം നബിയുടെ രാജി ഉണ്ടായിരിക്കുന്നത്.

ജമ്മു കശ്മീരിലെ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ച് പുതുതായി രൂപീകരിച്ച പ്രചാരണ സമിതിയില്‍ തൃപ്തനല്ലാത്തതിനാലാണ് ഗുലാം നബി ആസാദ് സ്ഥാനം രാജിവച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് അശ്വനി ഹണ്ട പ്രതികരിച്ചു.

Next Story

RELATED STORIES

Share it