Latest News

സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെ കുറവ്: കോട്ടയം എക്‌സ്പ്രസും വൈകിക്കുന്നു

സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെ കുറവ്: കോട്ടയം എക്‌സ്പ്രസും വൈകിക്കുന്നു
X

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: നിലമ്പൂര്‍- ഷൊര്‍ണൂര്‍ റെയില്‍വെ പാതയിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെ കുറവ് ചൂണ്ടിക്കാണിച്ച് നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസിന്റെ സര്‍വ്വീസും വൈകിപ്പിക്കുന്നു. ആഗസ്തില്‍ യാത്രക്ക് അനുമതിയായ സര്‍വ്വീസാണ് ഇക്കാരണം കൊണ്ട് ഇനിയും ആരംഭിക്കാത്തത്. പുനരാരംഭിക്കുന്ന മറ്റു എക്‌സ്പ്രസുകളുടെ പട്ടികയിലും കോട്ടയം -നിലമ്പൂര്‍ സര്‍വ്വീസ് ഇല്ല. പാതയിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാരുടെ കുറവ് മൂലമാണ് സര്‍വ്വീസ് ആരംഭിക്കാന്‍ താമസമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. എന്നാല്‍, ഈ പാതയിലെ സ്‌റ്റേഷന്‍ ഓഫിസര്‍മാരെ അടുത്തിടെ പള്ളിപ്പുറം ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത്. മൂന്ന് സ്‌റ്റേഷന്‍ ഓഫിസര്‍മാര്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഒരാള്‍ മാത്രമാണുള്ളത്. ഈ കുറവാണ് ഇപ്പോള്‍ ചൂണ്ടി കാണിക്കുന്നത്.

ഷൊര്‍ണൂര്‍ കഴിഞ്ഞ് എറണാകുളം, ഏറ്റുമാനൂര്‍, കോട്ടയം ഭാഗങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോട്ടയം വണ്ടി ഏറെ പ്രയോജനകരമാണ്. ദക്ഷിണ റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയില്‍ ഈ കാര്യം പറഞ്ഞ് ട്രെയിന്‍ സര്‍വ്വീസ് നിര്‍ത്തലാക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 67 കിലോ മീറ്ററുള്ള ചരിത്ര പ്രാധാന്യമുള്ള പാതയില്‍ പകല്‍ സമയത്ത് ഇപ്പോള്‍ ഒരു വണ്ടി പോലുമില്ല. ഒന്നര വര്‍ഷമായി പകല്‍ യാത്ര മുടങ്ങി കിടക്കുകയാണ്. ഏഴു വണ്ടികള്‍ 14 സര്‍വിസ് നടത്തിയിരുന്ന പാതയില്‍ കൊവിഡ് നിയന്ത്രണത്തോടെയാണ് തല്‍ക്കാലം സര്‍വിസ് നിര്‍ത്തിവെച്ചത്. വാണിയമ്പുഴ, തൊട്ടിയപ്പുലം, തുവ്വൂര്‍, മേലാറ്റൂര്‍, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുല്‍ക്കല്ലുര്‍, വല്ലപ്പുഴ, വാടാനംകുറിശ്ശി എന്നിങ്ങനെ 10 സബ് സ്‌റ്റേഷനുകളാണ് പാതയിലുള്ളത്. ഏറെ യാത്രക്കാരാണ് ഈ പാതയെ ആശ്രയിക്കുന്നത്.

Next Story

RELATED STORIES

Share it