Latest News

ഷാന്‍ വധക്കേസ് ഗൂഢാലോചന: ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലിസ് ശ്രമമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

കേസില്‍ മുഖ്യ ആസൂത്രകനായ വല്‍സന്‍ തില്ലങ്കേരിക്കെതിരേ അന്വേഷണം നടത്താന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ല

ഷാന്‍ വധക്കേസ് ഗൂഢാലോചന: ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലിസ് ശ്രമമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ
X

ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ വധക്കേസില്‍ ഗൂഢാലോചനയില്‍ പങ്കാളികളായ ആര്‍എസ്എസ് നേതാക്കളെ രക്ഷപ്പെടുത്താന്‍ പോലിസ് ശ്രമിക്കുന്നതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. കേസില്‍ മുഖ്യ ആസൂത്രകനായ വല്‍സന്‍ തില്ലങ്കേരിക്കെതിരേ അന്വേഷണം നടത്താന്‍ പോലിസ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ പോലിസ് ശ്രമിക്കുന്നത് സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. പോലിസ് സേനയിലെ ആര്‍എസ്എസ്സുകാര്‍ തങ്ങള്‍ക്കു ലഭിക്കുന്ന വിവരങ്ങള്‍ കൃത്യമായി ആര്‍എസ്എസ്സിനു കൈമാറുകയാണ്. കൂടാതെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തി അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് ബിജെപി നേതാവ് എം ടി രമേശ് ആലപ്പുഴയില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗം. ഏതെങ്കിലും കേസിലെ പ്രതികളെക്കുറിച്ച് ബിജെപി നേതാക്കള്‍ക്ക് അറിവുണ്ടെങ്കില്‍ ആ വിവരം പോലിസിനു കൈമാറുകയാണ് വേണ്ടത്.

എംടി രമേശ് ഉള്‍പ്പെടെയുള്ള ആര്‍എസ്എസ്-ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ പോലിസ് തയ്യാറാവണം. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്എസ്-ബിജെപി നേതാക്കളെ രക്ഷിക്കുന്നതിന് പോലിസിനെ സമ്മര്‍ദ്ദത്തിലാക്കി വിരട്ടി നിര്‍ത്താനുള്ള ബിജെപി നീക്കത്തില്‍ പോലിസ് വീണു പോകരുത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പെരുംനുണകളിലൂടെ ധ്രുവീകരണ രാഷ്ട്രീയത്തിന് ആക്കം കൂട്ടുകയാണ്. മാസങ്ങള്‍ നീണ്ട ഗൂഢാലോചനയിലൂടെ വളരെ ആസൂത്രിതമായി നടത്തിയ ഷാന്‍ വധത്തില്‍ ആര്‍എസ്എസ് നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ആര്‍എസ്എസ് അനുകൂല പോലിസ് ഉദ്യോഗസ്ഥരും ഗൂഢമായ നീക്കം നടത്തുന്നതായി സംശയിക്കുന്നു. പോലിസ് സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്താന്‍ തയ്യാറാവണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം വി എം ഫൈസല്‍, ജില്ലാ പ്രസിഡന്റ് കെ റിയാസ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it