Latest News

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാള്‍ 10 കോടിയുടെ വര്‍ധനവ്

അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ല

ശബരിമലയിലെ വരുമാനം 357.47 കോടി, കഴിഞ്ഞ സീസണിലേതിനെക്കാള്‍ 10 കോടിയുടെ വര്‍ധനവ്
X

തിരുവനന്തപുരം: 2023-24 വര്‍ഷത്തെ ശബരിമല മണ്ഡലമകരവിളക്ക് സീസണില്‍ ലഭിച്ച ആകെ വരുമാനം 357.47 കോടി രൂപയാണെന്ന് (357,47,71,909 രൂപ) ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 347.12 കോടി രൂപയായിരുന്നു (347,12,16,884 രൂപ) വരുമാനം. ഈ വര്‍ഷം 10.35 കോടിയുടെ (10,35,55,025 രൂപ) വര്‍ധനവാണ് വരുമാനത്തിലുണ്ടായത്. അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും ലഭിച്ചു. കാണിക്ക ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നും ഈ ഇനത്തില്‍ ലഭിച്ച വരുമാനം 10 കോടിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ഭക്തരുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി വന്നത്.

ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നതിന് ഏഴ് മാസങ്ങള്‍ക്ക് മുമ്പെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിലും വിവിധ യോഗങ്ങള്‍ നടത്തി പുരോഗതി വിലയിരുത്തി. എല്ലാ വകുപ്പുകളുടെയും ആത്മാര്‍ഥമായ ഏകോപനം കൂടി ആയപ്പോള്‍ ഇത്തവണത്തെ തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. രാഷ്ട്രീയ ലക്ഷ്യം വച്ച് ചില ക്ഷുദ്രശക്തികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അതെല്ലാം അതിജീവിച്ച് തീര്‍ഥാടനം സു?ഗമമാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശുചീകരണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി. നിലയ്ക്കലില്‍ 1100 ഉം പമ്പയില്‍ 500 ഉം കണ്ടെയ്‌നര്‍ ടോയ്‌ലറ്റുകളും ഇതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്നു. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ 1200 ഓളം ടോയ്‌ലറ്റുകളും സജ്ജമാക്കിയിരുന്നു. ഇത്തവണത്തേക്കാള്‍ മികച്ച സൗകര്യങ്ങളാകും അടുത്ത വര്‍ഷം ഒരുക്കുകയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it