Latest News

മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി

മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു

മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി
X

മുംബൈ: മീരാ ഭയാന്‍ഡറിലെ ഹസ്രത്ത് സയ്യിദ് ബാലെ ഷാ പീര്‍ ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നടപടി കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. നിയമലംഘനം ആരോപിച്ച് ദര്‍ഗ കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഇടക്കാല വിധി.

താനെ ജില്ലയിലെ ഉത്താനിലാണ് ഹസ്രത്ത് സയ്യിദ് ബാലെ ഷാ പീര്‍ ദര്‍ഗ സ്ഥിതി ചെയ്യുന്നത്. 50 അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഒരു നൂറ്റാണ്ട് പഴക്കമുള്ള ദര്‍ഗയാണിത്. ഭയാന്ദര്‍ വെസ്റ്റില്‍ ആസ്ഥാനമായുള്ള ബലേപീര്‍ ഷാ ചാരിറ്റബിള്‍ ട്രസ്റ്റാണ് ദര്‍ഗയുടെ മേല്‍നോട്ടം വഹിക്കുന്നത്.

2022 ഒക്ടോബര്‍ 10 ന്, സ്വത്തിന്റെ നിയമാനുസൃത കൈവശക്കാരനായി തങ്ങളുടെ പേര് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, താനെയിലെ ജില്ലാ കളക്ടര്‍ക്കും ജില്ലാ മജിസ്‌ട്രേറ്റിനും ട്രസ്റ്റ് ഔദ്യോഗികമായി അപേക്ഷ നല്‍കുകയായിരുന്നു.

ഇതുപ്രകാരം, ഭയാന്ദറിലെ സര്‍ക്കിള്‍ ഓഫീസര്‍ 2023 ജനുവരി 23 ന് ,ട്രസ്റ്റിന്റെ നിയമസാധുത സ്ഥിരീകരിച്ച് റവന്യൂ രേഖകളില്‍ രേഖപ്പെടുത്താന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒരു റിപോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി അഡീഷണല്‍ തഹസില്‍ദാര്‍ 2024 ഫെബ്രുവരി 2ന് അപേക്ഷ നിരസിച്ചു.

2025 മാര്‍ച്ച് 21 ന് മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെയും എംഎല്‍സി നിരഞ്ജന്‍ ദവ്ഖരെയും ചേര്‍ന്ന്, ദര്‍ഗ ഭൂമിയുടെ ഒരു ഭാഗം കൈയേറിയതാണെന്നും 2025 മെയ് 20 നകം അത് ഒഴിപ്പിക്കുമെന്നും അവകാശപ്പെടുന്ന ഒരു വീഡിയോ പുറത്തുവിട്ടു. ഇതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ഇതിന്റെ അടിസ്ഥാനത്തില്‍, മീരാ ഭയാന്ദര്‍, വസായ് വിരാര്‍ കമ്മീഷണറേറ്റിന് കീഴിലുള്ള ഉത്താന്‍ സാഗരി പോലിസ് സ്റ്റേഷനിലെ സീനിയര്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ 2025 മെയ് 15 ന് ട്രസ്റ്റിന് പൊളിക്കല്‍ നോട്ടിസ് നല്‍കി. ഇതിന് മറുപടിയായി, പൊളിക്കല്‍ നടപടികള്‍ക്ക് അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് മെയ് 15, 16 തീയതികളില്‍ ട്രസ്റ്റ് ബോംബെ ഹൈക്കോടതിയെ സമീപിച്ചു, എന്നാല്‍ ഹരജി തള്ളുകയായിരുന്നു.

Next Story

RELATED STORIES

Share it