Latest News

തടങ്കല്‍ പാളയം: പ്രധാനമന്ത്രി നുണപ്രചാരണം നടത്തുന്നുവെന്ന് എസ്ഡിപിഐ

പ്രധാനമന്ത്രി പരസ്യമായി നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നിന്ദ്യവും നിര്‍ഭാഗ്യകരവുമാണ്. ഇത്തരം തെറ്റായ പ്രസ്താവന നടത്തിയതിന് മോദി ഉടന്‍ തന്നെ രാജ്യത്തോട് മാപ്പ് പറയണമെന്നും തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.

തടങ്കല്‍ പാളയം: പ്രധാനമന്ത്രി നുണപ്രചാരണം നടത്തുന്നുവെന്ന് എസ്ഡിപിഐ
X

ന്യൂഡല്‍ഹി: രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങളില്ലെന്നും അത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും രാം ലീല മൈതാനത്ത് നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം പെരുംനുണയാണെന്ന് എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് കുറ്റപ്പെടുത്തി.

രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തെറ്റായ പ്രചാരണമാണിതെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ വിശ്വസനീയമായ റിപോര്‍ട്ടു പ്രകാരം 2012 ല്‍ തന്നെ അസമിലെ ഗോല്‍പാറ, കൊക്രാജര്‍, സില്‍ചാര്‍ എന്നിവിടങ്ങളിലെ ജില്ലാ ജയിലുകള്‍ക്കുള്ളില്‍ മൂന്ന് തടങ്കല്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പിന്നീട് മൂന്ന് കേന്ദ്രങ്ങള്‍ കൂടി തേസ്പൂര്‍, ദിബ്രുഗഡ്, ജോര്‍ഹട്ട് എന്നിവിടങ്ങളിലെ ജില്ലാ ജയിലുകളില്‍ സ്ഥാപിച്ചു. ഈ ആറ് താല്‍ക്കാലിക കേന്ദ്രങ്ങളുടെ സംയോജിത ശേഷി ആയിരമാണ്. ഈ കേന്ദ്രങ്ങളിലെല്ലാം ഉള്‍ക്കൊള്ളാനാവുന്നതിലപ്പുറം ആളുകളെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

2018 ഡിസംബര്‍ മുതല്‍ അസമിലെ ഗോള്‍പാറയില്‍ ഒരു പുതിയ പ്രത്യേകമായ തടങ്കല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. മൂവായിരം തടവുകാരെ പാര്‍പ്പിക്കാവുന്ന ഈ തടങ്കല്‍ കേന്ദ്രം നിര്‍മ്മിക്കാന്‍ 47 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഏകദേശം 70% ജോലികള്‍ പൂര്‍ത്തിയായി. ഈ തടങ്കല്‍ കേന്ദ്രം 2019 ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ കേന്ദ്രം 2020 മാര്‍ച്ച് 31 നകം സര്‍ക്കാരിന് കൈമാറുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ നീലമംഗലയ്ക്കടുത്ത് കര്‍ണാടക ആദ്യത്തെ തടങ്കല്‍ കേന്ദ്രം ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്യുന്നു.

എല്ലാ സംസ്ഥാനങ്ങളിലും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള തടങ്കല്‍ കേന്ദ്രങ്ങളുടെ ദയനീയ അവസ്ഥ ഇതിനകം തന്നെ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച പ്രത്യേക അവധി അപേക്ഷയിലൂടെ സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ ശേഷം അദ്ദേഹം എന്‍എച്ച്ആര്‍സി കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ തടങ്കല്‍ കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് തടവുകാര്‍ വിഷാദരോഗത്തിന്റെ അടിമകളാണെന്നും സര്‍ക്കാര്‍ പറയുന്നതനുസരിച്ച് തടങ്കലില്‍ 28 പേര്‍ മരിച്ചുവെന്നും ഭൂരിഭാഗം മരണങ്ങളും ബിജെപി ഭരണകാലത്താണ് സംഭവിച്ചതെന്നുമുള്ള റിപോര്‍ട്ട് പുറത്തുവന്നിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ പ്രധാനമന്ത്രി പരസ്യമായി നുണകള്‍ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ നിന്ദ്യവും നിര്‍ഭാഗ്യകരവുമാണ്. ഇത്തരം തെറ്റായ പ്രസ്താവന നടത്തിയതിന് നരേന്ദ്ര മോദി ഉടന്‍ തന്നെ രാജ്യത്തോട് മാപ്പ് പറയണമെന്നും തടങ്കല്‍ കേന്ദ്രങ്ങളുടെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്നും അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it