Latest News

സ്‌കോളര്‍ഷിപ്പ് കുംഭകോണം: ജാര്‍ഖണ്ഡില്‍ 90 സ്‌കൂളുകള്‍ക്കെതിരേ കേസെടുത്തു

സ്‌കോളര്‍ഷിപ്പ് കുംഭകോണം: ജാര്‍ഖണ്ഡില്‍ 90 സ്‌കൂളുകള്‍ക്കെതിരേ കേസെടുത്തു
X

ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് തട്ടിയെടുത്ത കേസില്‍ 90 സ്‌കൂളുകള്‍ക്കെതിരേ കേസെടുത്തു. ധന്‍ബാദിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫിസര്‍മാര്‍ നല്‍കിയ പട്ടികയനുസരിച്ചാണ് കേസെടുത്തത്.

കേസെടുത്ത സ്‌കൂളുകളിലെ പല ജീവനക്കാരെയും ഇതിനകം വിവിധ കേസുകളില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ധന്‍ബാദ് എസ്പി അസീം നക്‌റാന്ത് പറഞ്ഞു. ചില സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ പോലും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നോഡല്‍ ഓഫിസര്‍മാര്‍, സ്‌കൂള്‍ മാനേജ്‌മെന്റിലെ പ്രമുഖര്‍ എന്നിവരും അറസ്റ്റിലായവരില്‍ പെടുന്നു. ഇനിയും പുറത്തുവന്നിട്ടില്ലാത്ത ചിലരുടെ പേരും എഫ്‌ഐആറിലുണ്ട്.

ബാങ്ക് ഉദ്യോഗസ്ഥരും ഇടനലക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയൊരു ശ്യംഖലയാണ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തട്ടിപ്പിന് നേതൃത്വം നല്‍കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സാണ് റിപോര്‍ട്ട് ചെയതത്.

കുട്ടികളുടെ പേരിലുളള പണത്തിന്റെ ഒരു ഭാഗം തട്ടിയെടുത്തും, സ്‌കൂളുകളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയും മതം എഴുതേണ്ട കോളത്തില്‍ ന്യൂനപക്ഷ പട്ടികയിലുള്ള മതത്തിന്റെ പേരെഴുതി വ്യാജരേഖ സമര്‍പ്പിച്ചുമൊക്കെയാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന് വിധേയരാവുന്നവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥത്തില്‍ ലഭിക്കേണ്ട തുക പൂര്‍ണമായും നല്‍കാതെ ബാക്കി തട്ടിയെടുത്തും സൗദി അറേബ്യ നല്‍കുന്ന ഫണ്ടാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയുമുണ്ട്. ഒരു അപേക്ഷ പോലും അയക്കാത്ത സ്‌കൂളിന്റെ പേരിലും തട്ടിപ്പ് നടന്നിട്ടുണ്ട്.

വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ കുറവുള്ള മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ജെയിന്‍, ബൗദ്ധ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷ അയക്കുന്ന വര്‍ഷത്തിന് തൊട്ടു മുന്‍പുള്ള വര്‍ഷം പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം അപേക്ഷകര്‍. 1 മുതല്‍ 5 ക്ലാസുകള്‍ വരെ പ്രതിവര്‍ഷം 1000 രൂപയും 6-10 ക്ലാസുകളില്‍ ഹോസ്റ്റലുകളില്‍ പഠിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് 10,700 രൂപയും അല്ലെങ്കില്‍ 5,700 രൂപയും സ്‌കോളര്‍ഷിപ്പായി നല്‍കും. ഈ പണമാണ് വ്യാപകമായി ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും ഇടനിലക്കാരും ചേര്‍ന്ന് തട്ടിയെടുക്കുന്നത്. ഒരാളില്‍ നിന്ന് തട്ടിയെടുക്കുന്ന തുക ചെറുതാണെങ്കിലും കുട്ടികളുടെ എണ്ണം കൂടുതലുള്ളതുകൊണ്ട് വലിയ തുകയാണ് തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നത്.

Next Story

RELATED STORIES

Share it