Latest News

മലബാര്‍ സമര സ്മാരകത്തിനെതിരായ സംഘപരിവാര്‍ നീക്കം മതസ്പര്‍ധയുണ്ടാക്കാന്‍: സിപിഎം

മലബാര്‍ സമര സ്മാരകത്തിനെതിരായ സംഘപരിവാര്‍ നീക്കം മതസ്പര്‍ധയുണ്ടാക്കാന്‍: സിപിഎം
X

മലപ്പുറം: നാടിന്റെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനുമാണ് മലബാര്‍ കലാപത്തെ ഇകഴ്ത്തി കാണിക്കുന്നതിലൂടെ സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ്. മലബാര്‍ കലാപത്തിലെ പോരാളികള്‍ക്ക് നാടിന്റെ പലഭാഗത്തും സ്മാരകങ്ങളിണ്ട് എന്നിരിക്കെ മലപ്പുറത്ത് സ്മാരകം നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരായ ഹിന്ദു ഐക്യവേദിയുടെ പേരിലുള്ള സമരം കരുതികൂട്ടിയുള്ളതാണ്. സാമ്രാജ്യത്തെ വിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും ഭാഗമാണ് മലബാര്‍ കലാപം.

അനുസ്മരിക്കപ്പെടേണ്ട രക്തസാക്ഷികളുടെ പട്ടികയിലാണ് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‌ല്യാരുടെയും സ്ഥാനം. പൂക്കോട്ടൂരിലെ പോരാളികള്‍ രക്തസാക്ഷിത്വം വരിച്ചത് നാടിനുവേണ്ടിയാണ്. ഇതൊന്നും തിരസ്‌കരിക്കാന്‍ ആര്‍ക്കും കഴിയില്ല. മലപ്പുറം ടൗണ്‍ ഹാള്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സ്മരണയിലാണ്. തിരൂരിലെ ടൗണ്‍ ഹാള്‍ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന അതിക്രൂരമായ വാഗണ്‍ കൂട്ടക്കൊലയുടെ സ്മാരകമാണ്.

പന്തല്ലൂരില്‍ ആലി മുസ്‌ല്യാരുടെ സ്മരണയില്‍ മുനിസിപ്പല്‍ ലൈബ്രറിയുമുണ്ട്. ഇതുള്‍പ്പെടെയുള്ള നിരവധി സ്മാരകങ്ങള്‍ ജില്ലയിലുണ്ട്. ഇതൊക്കെയുണ്ടായിട്ടും നാടിന്റെ ഐക്യവും സൗഹൃദവും തകര്‍ക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ഇപ്പോഴത്തെ ശ്രമം. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ജാഗ്രതയോടെ കാണേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it