Big stories

സല്‍മാന്‍ റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍

സല്‍മാന്‍ റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
X

ന്യൂയോര്‍ക്ക്: കത്തിയാക്രമണത്തില്‍ പരിക്കേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപോര്‍ട്ട്. കഴുത്തില്‍ കുത്തേറ്റ റുഷ്ദി പെന്‍സില്‍വാനിയ എറിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന് സംസാരിക്കാനാവുന്നില്ലെന്നും ആശുപത്രിയില്‍നിന്നും നല്ല വാര്‍ത്തയല്ലയുള്ളതെന്നും റുഷ്ദിയുടെ ഏജന്റ് അറിയിച്ചു. റുഷ്ദിയുടെ ഒരു കണ്ണ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കൈ ഞരമ്പുകള്‍ മുറിഞ്ഞു. കരളിനും കുത്തേറ്റിട്ടുണ്ടെന്നും ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. റുഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. ന്യൂയോര്‍ക്കിലെ ചൗട്ടാവില്‍ പ്രഭാഷണത്തിനിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. സ്‌റ്റേജില്‍ കടന്നുകയറിയ അക്രമി 75കാരനായ റഷ്ദിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ന്യൂജഴ്‌സി ഫെയര്‍വ്യൂ സ്വദേശി ഹാദി മതര്‍ (24) ആണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ പോലിസ് പിടികൂടി. കഴുത്തില്‍ രണ്ടുതവണ കുത്തേറ്റ റുഷ്ദി നിലത്തുവീണു. ഉടന്‍ കാണികള്‍ താങ്ങിയെടുത്ത് അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആക്രമണത്തില്‍ റുഷ്ദിക്കൊപ്പം സ്‌റ്റേജിലുണ്ടായിരുന്ന അഭിമുഖം നടത്തിയ ഹെന്റി റീസിന് തലയ്ക്ക് ചെറിയ പരിക്കേറ്റു. അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പരിപാടിയുടെ സംഘാടകരും കാണികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. പിന്നാലെ പോലിസെത്തി അറസ്റ്റ് ചെയ്തു.

പരിക്കേറ്റ റുഷ്ദിക്ക് സദസിലുണ്ടായിരുന്ന ഡോക്ടറാണ് പ്രാഥമിക ശുശ്രൂഷ നല്‍കിയത്. ഇതിനുശേഷം ഉടന്‍ തന്നെ ഹെലികോപ്റ്ററില്‍ പെന്‍സില്‍വാനിയയിലെ ആശുപത്രിയിലേക്ക് മാറ്റി. മുംബൈയില്‍ ജനിച്ച് യുഎസില്‍ കഴിയുന്ന റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങള്‍ '' ദ സാത്താനിക് വേഴ്‌സ്' എന്ന നോവല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പ്രവാചകനിന്ദയുടെ പേരില്‍ ഇറാനിലെ ഷിയാ ഭരണകൂടം റുഷ്ദിയെ കൊലപ്പെടുത്തണമെന്ന് ഫത്വ ഇരക്കിയിരുന്നു. റുഷ്ദിയുടെ പുസ്തകം 1988 മുതല്‍ ഇറാനില്‍ നിരോധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യുഎസിലാണ് താമസിക്കുന്നത്.

Next Story

RELATED STORIES

Share it