Latest News

റിപോര്‍ട്ടര്‍ ടിവിക്കെതിരേ നോട്ടീസ് അയച്ച് സാബു എം ജേക്കബ്

ചാനല്‍ വ്യാജ വാര്‍ത്തകള്‍ നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആരോപണം

റിപോര്‍ട്ടര്‍ ടിവിക്കെതിരേ നോട്ടീസ് അയച്ച് സാബു എം ജേക്കബ്
X

കൊച്ചി: റിപോര്‍ട്ടര്‍ ടിവിക്കെതിരേ നോട്ടീസ് അയച്ച് കിറ്റെക്സ് എംഡി സാബു എം ജേക്കബ്. കിറ്റക്സ് ഗ്രൂപ്പിനെതിരേ വ്യാജവാര്‍ത്ത നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് 250 കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. തന്നെ മനപ്പൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതായും ന്യൂസ് ചാനല്‍ കയ്യിലുണ്ടെന്ന് കരുതി ആരേയും കരി വാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിപോര്‍ട്ടര്‍ ടിവി വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയാണ്. ഉടമയായ ആന്റോ അഗസ്റ്റിനെ അറിയുന്നത് തന്നെ മാംഗോ ഫോണ്‍ തട്ടിപ്പിലൂടെയാണ്. പിന്നീട് പേര് കേട്ടത് മരം മുറിക്കേസിലൂടെയാണ്. മാസങ്ങളോളം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ന്യൂസ് ചാനല്‍ ഏറ്റെടുത്തു. ഒരു ചാനലില്‍ ഇരുന്ന് തന്നെ മോശമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളെന്നും സാബു എം ജേക്കബ് പറഞ്ഞു.

ഓര്‍ഗാനിക് അല്ലാത്ത ഉത്പന്നങ്ങള്‍ അമേരിക്കയിലേക്ക് കിറ്റക്‌സ് കയറ്റി അയച്ചു എന്നാണ് റിപോര്‍ട്ടര്‍ ടിവി പറയുന്നത്. ശുദ്ധകളവ് എങ്ങനെ പറയാന്‍ സാധിക്കുന്നുവെന്നും ഒരു വസ്തുതകളും പഠിക്കാതെ ചാനലില്‍ ഇരുന്ന് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപോര്‍ട്ടര്‍ ടിവിക്കെതിരേയും സാബു എം ജേക്കബ് ഗുരുതര ആരോപണം ഉന്നയിച്ചു. ലൈസന്‍സ് ഇല്ലാതെയാണ് റിപോര്‍ട്ടര്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്. ബ്രോഡ്കാസ്റ്റിങ് സര്‍ട്ടിഫിക്കറ്റ് റിപോര്‍ട്ടര്‍ പുറത്തുവിടണം. ആന്റോ എങ്ങനെ എംഡിയായെന്നും ആരും ശബ്ദിച്ചില്ലെങ്കില്‍ ദേശീയ ദുരന്തമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ വാര്‍ത്ത നല്‍കുന്ന റിപോര്‍ട്ടര്‍ ചാനല്‍ ജനങ്ങള്‍ ബഹിഷ്‌കരിക്കണം. ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പടെ 16 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഏതോ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. ചാനലിനെതിരേ കൂടുതല്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും സാബു പറഞ്ഞു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ടാക്‌സ് വെട്ടിച്ചുവെന്നും നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയതായി നിരന്തരം വ്യാജ വാര്‍ത്തകള്‍ പ്രക്ഷേപണം നടത്തിയതിനെതിരേയാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

Next Story

RELATED STORIES

Share it