Latest News

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തിറങ്ങിയത്

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍ മോചിതനായി
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയില്‍മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതോടെ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇതോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയിലിന് പുറത്തേക്കുള്ള വഴി തുറന്നത്. ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു.

ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസിലാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ഇന്ന് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയില്‍ രണ്ടുദിവസം നീണ്ട വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം. ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്. അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച കേസിന്റെ ആസൂത്രകന്‍ എന്ന് എസ്‌ഐടി വിശേഷിപ്പിച്ച പ്രതിയാണ് കുറ്റപത്രം നല്‍കാന്‍ വൈകിയതിന്റെ അനുകൂല്യത്തില്‍ പുറത്തിറങ്ങിയത്. മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്.

അതേസമയം ജയിലിന് പുറത്തിറങ്ങുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) തയ്യാറെടുക്കുകയാണ്. ഇതിനായി ഇഡി സമന്‍സ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. പോറ്റിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സമന്‍സ് അടുത്തദിവസം തന്നെ ഇഡി നല്‍കിയേക്കും. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി നേരത്തേ മരവിപ്പിച്ചിരുന്നു.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒന്നാം പ്രതി തന്നെ പുറത്തുപോകുന്നത് കേസിലെ മെല്ലെപ്പോക്ക് വീണ്ടും ചര്‍ച്ചയാക്കും. ഫെബ്രുവരി 11ന് എന്‍ വാസുവിന്റെയും, 20ന് സിപിഎം നേതാവ് പത്മകുമാറിന്റെയും അറസ്റ്റ് നടന്ന് 90 ദിവസം പൂര്‍ത്തിയാകും. നിലവിലെ സാഹചര്യത്തില്‍ ഇരുവര്‍ക്കും കൂടി ജാമ്യം ലഭിച്ചേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ക്കെതിരേ എസ്‌ഐടി അന്വേഷണം തുടരുന്നതിനിടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പുറത്തെത്തുന്നത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നുപ്രതികള്‍ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it