Latest News

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി

വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തി
X

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി പുടിനെ സ്വീകരിച്ചു. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ന് വൈകുന്നേരം 6.35നാണ് റഷ്യന്‍ പ്രസിഡന്റ് ഡല്‍ഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 2021നു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. 26-27 മണിക്കൂര്‍ പുടിന്‍ ഇന്ത്യയില്‍ ചെലവഴിക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ എന്നിവര്‍ മാത്രം പങ്കെടുക്കുന്ന യോഗമാണ് ആദ്യം നടക്കുക. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ക്കു ശേഷം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ലോക് കല്യാണ്‍ മാര്‍ഗില്‍ മോദി ഒരു സ്വകാര്യ അത്താഴവിരുന്നും സംഘടിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നത്. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടക്കും. തുടര്‍ന്ന് രാജ്ഘട്ടില്‍ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്കു പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ നടക്കുക. ശേഷം ഒരു സംയുക്ത പ്രസ്താവന, റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ നിര്‍മ്മാണത്തെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തുടങ്ങിയ പല തീരുമാനങ്ങളും ഉണ്ടായേക്കും. വെള്ളിയാഴ്ച വൈകുന്നേരം പുടിന്‍ മോസ്‌കോയിലേക്ക് മടങ്ങും.

Next Story

RELATED STORIES

Share it