Latest News

വടകരയില്‍ റൂറല്‍ വനിത സെല്‍ റെസ്റ്റ് റൂം ഉദ്ഘാടനം ചെയ്തു

വടകരയില്‍ റൂറല്‍ വനിത സെല്‍ റെസ്റ്റ് റൂം ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: വടകരയില്‍ കോഴിക്കോട് റൂറല്‍ വനിത സെല്‍ റെസ്റ്റ് റൂം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ പ്രശ്‌നങ്ങളില്‍കൂടി പോലീസിന്റെ ഇടപെടല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ കാലത്ത് ഒട്ടേറെ ദുരന്തങ്ങള്‍ നാം നേരിട്ടു. ഓഖി,പ്രളയം, കോവിഡ് എന്നിവ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. ഈ ദുരന്തങ്ങളില്‍ എല്ലാം ജനങ്ങള്‍ക്ക് കൈത്താങ്ങായി പോലീസ് നിന്നു എന്നത് അഭിനന്ദനാര്‍ഹമാണ്. കോവിഡിന്റെ കാര്യത്തില്‍ ജീവന്‍ വരെ ബലിയര്‍പ്പിച്ചാണ് പോലീസ് ജനങ്ങള്‍ക്കായി നിലകൊണ്ടത്. അതോടൊപ്പം രാജ്യത്തിന്റെ വിവിധ ഏജന്‍സികള്‍ കേരള പോലീസിന്റെ മികവ് അംഗീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അന്വേഷണ മികവിന്റെ കാര്യത്തിലായാലും ഏറെ മുന്നിലാണ് കേരളത്തിലെ പോലീസ് സേന. അതോടൊപ്പം ജനമൈത്രി സുരക്ഷ പദ്ധതി വഴി പോലീസ് കൂടുതല്‍ ജനസൗഹൃദമാക്കാനും സ്ത്രീസൗഹൃദ മുഖങ്ങളായി സേനയെ മാറ്റിത്തീര്‍ക്കാനുള്ള പിങ്ക് പോലീസ് ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


കുട്ടികള്‍ക്കും ശങ്കയില്ലാതെ പോലീസ് സ്‌റ്റേഷനുകളില്‍ ചെല്ലാനാകണം. അവരുടെ കഥകളും പാട്ടുകളും ആയി അവര്‍ക്കും ഒരിടം പോലീസ് സ്‌റ്റേഷനുകളിലൊരുക്കുകയാണ്. സംസ്ഥാനത്ത് 120 പൊലീസ് സ്‌റ്റേഷനുകളില്‍ ശിശുസൗഹൃദ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഡിജിറ്റല്‍ രംഗം വഴി ചതിക്കുഴികളില്‍ അകപ്പെടുന്ന കുട്ടികളെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്റര്‍ തുടങ്ങുന്നതിന് തീരുമാനമായിട്ടുണ്ട്. ആദ്യം റേഞ്ച് അടിസ്ഥാനത്തിലും പിന്നീട് ജില്ലകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


വടകര എംഎല്‍എ കെ കെ രമ അധ്യക്ഷത വഹിക്കുകയും ശിലാഫലക അനാച്ഛാദനം നിര്‍വഹിക്കുകയും ചെയ്തു . സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപി വിജയ് സാഖറെ, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി ബിന്ദു , വാര്‍ഡ് കൗണ്‍സിലര്‍ കെ പ്രേമകുമാരി, അഡീഷനല്‍ എസ് പി എം പ്രദീപ് കുമാര്‍ , വടകര ഡിവൈഎസ്പി കെ അബ്ദല്‍ ഷെരീഫ്, കെ പി ഒ എ ജോ. സെക്രട്ടറി രാജീവന്‍, കെ പി എ ജില്ലാ സെക്രട്ടറി ജി പി അഭിജിത്ത് സംസാരിച്ചു.




Next Story

RELATED STORIES

Share it