Latest News

സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി കവര്‍ച്ച; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍

ഒന്നാം പ്രതി ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേവീട്ടില്‍ നവീന്‍ സുരേഷിന്റെ(28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റുചെയ്തത്

സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി കവര്‍ച്ച; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍
X

തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിലെ സ്വര്‍ണ്ണപണയ സ്ഥാപന ഉടമയെ ബൈക്കിടിച്ചിട്ട് ബാഗിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണ്ണവും മൂന്നേമുക്കാല്‍ ലക്ഷം രൂപയും കവര്‍ച്ച നടത്തിയ കേസില്‍ ഒരു യുവതി കൂടി പിടിയില്‍. കവര്‍ച്ചയുടെ സൂത്രധാരനും ഒന്നാം പ്രതിയുമായ ആറ്റുകാല്‍ പുത്തന്‍കോട്ട വട്ടവിള വലിയവിള മേലേ വീട്ടില്‍ നവീന്‍ സുരേഷിന്റെ(28) ഭാര്യ വിനീഷ(27)യെ ആണ് വിഴിഞ്ഞം പോലിസ് അറസ്റ്റുചെയ്തത്.

യുവതിയുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്ന് രണ്ട് പവന്റെ സ്വര്‍ണ്ണവും നാലരലക്ഷം രൂപയും പോലിസ് കണ്ടെടുത്തു. കേസില്‍ ഒന്നാം പ്രതി നവീന്‍ സുരേഷ് (28) രണ്ടാം പ്രതി കോട്ടുകാല്‍ തുണ്ടുവിള വീട്ടില്‍ വിനീത്(34), കോട്ടുകാല്‍ വട്ടവിള ദര്‍ഭവിള ഗോകുല്‍ നിവാസില്‍ ഗോകുല്‍ എന്ന വിമല്‍കുമാര്‍ (23) എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഇതില്‍ ഒന്നാം പ്രതി നവീന്‍ സുരേഷിനെ കഴിഞ്ഞ ദിവസം വിഴിഞ്ഞം പോലിസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു കവര്‍ച്ച ചെയ്ത സ്വര്‍ണ്ണവും കുറച്ച് പണവും ഭാര്യയുടെ പക്കലുണ്ടെന്ന് മൊഴി നല്‍കിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന വിനീഷ നെടുമങ്ങാട് ഉളളതായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ നെടുമങ്ങാടുളള ഒരു ജ്വല്ലറയില്‍ സ്വര്‍ണ്ണം വില്‍ക്കുന്നതിനിടെയാണ് ഇവര്‍ പിടിക്കപ്പെട്ടത്. കുറച്ച് സ്വര്‍ണ്ണം ആദ്യം ഒരു ജ്വല്ലറിയില്‍ വിറ്റ ശേഷം അതേ നിരയിലുളള മറ്റൊരു ജ്വല്ലറിയിലെത്തി വീണ്ടും സ്വര്‍ണ്ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം വിറ്റ വകയില്‍ ലഭിച്ച നാലര ലക്ഷം രൂപയാണ് യുവതിയുടെ കൈയില്‍ നിന്ന് പിടികൂടിയതെന്നും വിഴിഞ്ഞം പോലിസ് പറഞ്ഞു.

കഴിഞ്ഞമാസം 27 ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ഉച്ചക്കട ചപ്പാത്ത് റോഡില്‍ വട്ടവിള ജങ്ഷനില്‍ സുക്യതാ ഫൈനാന്‍സ് നടത്തുന്ന കോട്ടുകാല്‍ ഉദിനിന്നവിള പുത്തന്‍ വീട്ടില്‍ വയോധികനായ പദ്മകുമാറിന്റെ ആക്രമിച്ചാണ് പ്രതികള്‍ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗുമായി കടന്നുകളഞ്ഞത്. അന്ന് കവര്‍ച്ച നടത്തിയ മൂന്നേമുക്കാല്‍ ലക്ഷം രൂപ പ്രതികള്‍ ആദ്യം തന്നെ വീതം വെച്ച് എടുത്ത് ചെലവാക്കിയതായും ഒന്നാം പ്രതി നവീന്‍ സുരേഷ് പോലിസിന് മൊഴി നല്‍കി.

കൊലപാതക കേസ്, മോഷണം, പിടിച്ചുപറി തുടങ്ങി തിരുവനന്തപുരം ജില്ലയിലെ സിറ്റി, റൂറല്‍ പോലിസ് സ്‌റ്റേഷനുകളിലായി 18 ഓളം കേസിലെ പ്രതിയാണ് നവീന്‍ സുരേഷെന്നും കരമനയില്‍ നടന്ന കൊലപാതകത്തിലെ കൂട്ടുപ്രതിയാണ് ഇന്ന് പിടിയിലായ യുവതിയെന്നും വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി പറഞ്ഞു. എസ്എച്ച്ഒ പ്രജീഷ് ശശി, എസ് ഐമാരായ കെ എല്‍ സമ്പത്ത്, ജി വിനോദ്, ലിജോ പി മണി, വനിതാ എഎസ്‌ഐമാരായ ചന്ദ്രലേഖ, മൈന, സിപിഒമാരായ അരുണ്‍ മണി, ഷൈനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it